ബെയ്റൂട്ട്: അറുതിയില്ലാതെ തുടരുന്ന സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും ഇടയിൽ ലെബനൻ-സിറിയ അതിർത്തിയിൽ കൂറ്റൻ യേശു ക്രിസ്തു രൂപം സ്ഥാപിച്ചു. സമാധാനത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശവുമായി സ്ഥാപിക്കപ്പെട്ട ഈ ശിൽപ്പം ബ്രസീലിലെ വിശ്വപ്രസിദ്ധമായ 'ക്രൈസ്റ്റ് ദി റിഡീമർ' രൂപത്തിന് സമാനമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
സിറിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന എൽ ഖ എന്ന ക്രിസ്ത്യൻ പട്ടണത്തിലെ ജബൽ അൽ-സാലിബ് മലനിരകളിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ബെക്ക താഴ്വരയെ അഭിമുഖീകരിച്ചു നിൽക്കുന്ന ഈ രൂപത്തിന് ഏകദേശം 15 മീറ്റർ ഉയരമുണ്ട്. അഞ്ച് മീറ്റർ ഉയരമുള്ള അടിത്തറയ്ക്ക് പുറമെ ഇതിന് താഴെയായി 23 മീറ്റർ ഉയരത്തിൽ ഒരു പുതിയ ദേവാലയത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
കഠിനമായ പർവത കാലാവസ്ഥയെയും കാറ്റിനെയും പ്രതിരോധിക്കാൻ സ്റ്റീൽ ചട്ടക്കൂടുകൾ ഉപയോഗിച്ചാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. എഞ്ചിനീയർ ജോയി മാറ്ററിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 2025 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ക്രിസ്തുവിന്റെ ശിരസ് ഉടലുമായി ഒന്നിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഈ ക്രിസ്തു രൂപം തങ്ങൾക്ക് വലിയ ആത്മീയ ഊർജവും സംരക്ഷണ ബോധവുമാണ് നൽകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാന സ്മാരകങ്ങളെപ്പോലെ ലെബനനിലെ ഈ പുതിയ രൂപവും ആഗോളതലത്തിൽ സമാധാനത്തിന്റെ സന്ദേശം പകർന്നു നൽകുന്നു.