യുദ്ധക്കെടുതിയിൽ ഇറാൻ; സാമ്പത്തികരംഗം തകർച്ചയിലേക്ക്, ഒരു കോടി റിയാലിന്റെ നോട്ട് പുറത്തിറക്കി

യുദ്ധക്കെടുതിയിൽ ഇറാൻ; സാമ്പത്തികരംഗം തകർച്ചയിലേക്ക്, ഒരു കോടി റിയാലിന്റെ നോട്ട് പുറത്തിറക്കി

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധം 23-ാം ദിവസത്തിലേക്ക് കടന്നതോടെ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതിനിടെ പത്തു ദശലക്ഷം (ഒരു കോടി) റിയാൽ മൂല്യമുള്ള പുതിയ ബാങ്ക് നോട്ട് സെൻട്രൽ ബാങ്ക് പുറത്തിറക്കി. കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും വൻതുക നൽകേണ്ടി വരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനായി ജനങ്ങളുടെ നീണ്ട നിരയാണ് നഗരങ്ങളിൽ അനുഭവപ്പെടുന്നത്. ഇതിനിടെ രാജ്യത്തെ ഡിജിറ്റൽ ഇടപാടു സംവിധാനങ്ങൾ പലയിടത്തും തകരാറിലായത് ജനങ്ങളെ കൂടുതൽ വലച്ചു. സാധനങ്ങൾ വാങ്ങാനോ പണം കൈമാറാനോ കഴിയാത്ത സാഹചര്യം പലയിടത്തും സംഘർഷാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.

യുദ്ധം നീണ്ടുപോകുന്നതോടെ അവശ്യസാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായി. പണപ്പെരുപ്പം നിയന്ത്രണാതീതമായതോടെയാണ് വലിയ മൂല്യമുള്ള നോട്ടുകൾ വിപണിയിലിറക്കാൻ സർക്കാർ നിർബന്ധിതരായത്. എന്നാൽ പുതിയ നോട്ട് ഇറക്കുന്നത് വിലക്കയറ്റം വീണ്ടും വർധിപ്പിക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.