ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ട്രംപ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് ചില സന്ദേശങ്ങള്‍ ലഭിച്ചതായും അവ അവലോകനം ചെയ്തു വരികയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം. മധ്യസ്ഥര്‍ വഴി യു.എസില്‍ നിന്ന് തങ്ങള്‍ക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചെന്നും അവ അവലോകനം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഈജിപ്ത്, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മാധ്യസ്ഥ ശ്രമങ്ങള്‍ നടത്തി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഊര്‍ജ പശ്ചാത്തല സൗകര്യങ്ങള്‍ക്കും കപ്പല്‍ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാനാണ് വിഷയത്തില്‍ ഇടപെട്ട് ഈജിപ്തും തുര്‍ക്കിയും പ്രധാനമായും ശ്രമിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയോ എന്ന് സ്ഥിരീകരിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചെങ്കിലും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍, സൗദി അറേബ്യ, പാകിസ്ഥാന്‍, ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ യു.എസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനുമായി സന്ദേശങ്ങള്‍ കൈമാറിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഓഫീസും അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അയയുന്നതിന്റെ സൂചനകള്‍ നല്‍കി, ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നീട്ടി വെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വളരെ പുരോഗമനപരമാണെന്നും പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള പൂര്‍ണമായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ചര്‍ച്ചകളുടെ സ്വഭാവം കണക്കിലെടുത്താണ് ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യുദ്ധവകുപ്പിന് നിര്‍ദേശം നല്‍കിയതെന്നും ട്രംപ് പറഞ്ഞു.
ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഉപദേഷ്ടാവ് ജാരെഡ് കുഷ്നറും ചര്‍ച്ചകള്‍ നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ അമേരിക്കയുടെ അവകാശവാദങ്ങളെ തള്ളി ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് രംഗത്തെത്തി. നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജ വാര്‍ത്ത ആണെന്നുമാണ് ഖാലിബാഫ് വ്യക്തമാക്കിയത്.