ഫൊക്കാനയിൽ രജിസ്ട്രേഷൻ പ്രവാഹം; ചരിത്രം കുറിച്ച് 2026 ഇന്റർനാഷണൽ കൺവെൻഷൻ

ഫൊക്കാനയിൽ രജിസ്ട്രേഷൻ പ്രവാഹം; ചരിത്രം കുറിച്ച് 2026 ഇന്റർനാഷണൽ കൺവെൻഷൻ

ന്യൂയോർക്ക്: പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റവുമായി ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026. കൺവെൻഷന് എട്ടു മാസം മുൻപേ നിശ്ചയിച്ച റൂമുകളെല്ലാം വിറ്റുതീർന്നതോടെ വർധിച്ചു വരുന്ന ജനത്തിരക്ക് പരിഗണിച്ച് നൂറോളം റൂമുകൾ കൂടി അധികമായി അനുവദിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലുള്ള കൽഹാരി റിസോർട്ടിൽ 2026 ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെയാണ് കൺവെൻഷൻ അരങ്ങേറുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ-ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ ഇവിടെ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ കുടുംബങ്ങളുടെ വൻ നിരയാണ് രജിസ്റ്റർ ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ റൂമുകൾ തീർന്നതോടെ സ്റ്റാൻഡ്‌ബൈ ലിസ്റ്റിലായവർക്ക് വേണ്ടിയാണ് റിസോർട്ടുമായി ബന്ധപ്പെട്ട് കൂടുതൽ റൂമുകൾ അധിക നിരക്കിൽ ലഭ്യമാക്കിയത്. ഇതിൽ ഇനി പരിമിതമായ റൂമുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ 'ആദ്യം വരുന്നവർക്ക് മുൻഗണന' എന്ന അടിസ്ഥാനത്തിലായിരിക്കും ഇനി രജിസ്ട്രേഷൻ അനുവദിക്കുക.

വേൾഡ് ഗിന്നസ് ബുക്കിൽ ഇടംപിടിക്കത്തക്ക രീതിയിലുള്ള വിപുലമായ കലാരൂപങ്ങൾ കൺവെൻഷന്റെ ഭാഗമാകും. കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുവജനോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ. പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ സിനി അവാർഡ് നിശയും സ്റ്റേജ് ഷോകളും അരങ്ങേറും.

4500 ഡോളർ മൂല്യമുള്ള സേവനങ്ങൾ കുറഞ്ഞ നിരക്കിലാണ് ഫൊക്കാന നൽകുന്നത്. സിംഗിൾ രജിസ്ട്രേഷന് $1600, രണ്ടുപേർക്ക് $1800, നാലംഗ കുടുംബത്തിന് (മാതാപിതാക്കളും രണ്ട് കുട്ടികളും) $2300 എന്നിങ്ങനെയാണ് നിരക്കുകൾ.

ഫൊക്കാനയുടെ നിഷ്പക്ഷവും ഐക്യത്തോടെയുള്ളതുമായ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ഈ വൻ വിജയമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. പ്രവാസി മലയാളി ചരിത്രത്തിലെ സുവർണ നിമിഷമായി മാറാൻ പോകുന്ന ഈ ചരിത്ര സംഗമത്തിലേക്ക് എല്ലാ കുടുംബങ്ങളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.