യുഎഇ ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

യുഎഇ ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: യുഎഇയുടെ വ്യവസായ മേഖല ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. യുഎഇയുടെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ പ്രതിരോധ സംവിധാനം തകർത്തെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടിടത്ത് വൻ തീപിടിത്തമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

പരിക്കേറ്റ ഇന്ത്യക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും യുഎഇ അധികൃതർ അറിയിച്ചു.

ഒമാനിലെ സുപ്രധാനമായ സലാല തുറമുഖത്തിന് നേരെ ഇറാനിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സലാല തുറമുഖം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മേഖലയിലെ ചരക്ക് നീക്കത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

അബുദാബിയിലെ ആക്രമണത്തിന് പിന്നാലെ മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാൻ്റിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. എന്നാൽ ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിൻ്റെ നടപടിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ ഹോർമുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകൾ ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡിന്റെ (ഐആർജിസി) അനുമതിയോടെ മാത്രം കടത്തിവിടുന്ന സംവിധാനത്തിലേക്ക് ഇറാൻ കടന്നുവെന്ന് റിപ്പോർട്ട്. കപ്പലുകളി ൽനിന്ന് ഫീസ് ഈടാക്കിയെന്നും ആക്ഷേപമുയർന്നു. സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രം കപ്പലുകൾ കടത്തി വിടുന്ന സംവിധാനം ഏർപ്പെടുത്തിയതായി ഇറാൻ ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്രഗതാഗത അതോറിറ്റിയായ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷനെ (ഐഎംഒ) ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.