നസ്രത്ത്: ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യേശു ക്രിസ്തുവിന്റെ ബാല്യകാലം ചെലവഴിച്ച നസ്രത്തിൽ പരിഭ്രാന്തി പരത്തി വ്യോമാക്രമണ സൈറൺ. മംഗളവാർത്താ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന നടക്കുമ്പോഴാണ് അപായ സൈറണുകൾ മുഴങ്ങിയത്.
നസ്രത്തിലെ ബസിലിക്ക ഓഫ് ദി അനൗൺസിയേഷനിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി സൈറൺ മുഴങ്ങിയത്. ജെറുസലേം ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർ ബാറ്റിസ്റ്റ പിസബല്ലയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന പുരോഗമിക്കവേയായിരുന്നു സംഭവം. കർദിനാൾ വചന സന്ദേശം നൽകിക്കൊണ്ടിരുന്ന സമയത്ത് സൈറൺ മുഴങ്ങിയതോടെ അദേഹം പ്രസംഗം അൽപ്പനേരത്തേക്ക് നിർത്തിവെച്ചു.
എങ്കിലും പള്ളിയിലുണ്ടായിരുന്ന വിശ്വാസികളോ കർദിനാളോ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയില്ല എന്നത് ശ്രദ്ധേയമായി. സൈറൺ മുഴങ്ങിക്കൊണ്ടിരുന്ന സമയത്ത് തന്നെ കർദിനാളിന്റെ പ്രസംഗത്തിന്റെ അറബിക് പരിഭാഷ വായിച്ചു തീർക്കുകയും സൈറൺ നിലച്ച ഉടൻ തന്നെ അദേഹം വചന സന്ദേശം തുടരുകയും ചെയ്തു.
തിരുക്കർമ്മങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കിയെന്നും പള്ളിക്ക് നാശനഷ്ടങ്ങളോ ആർക്കെങ്കിലും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സഭാ അധികൃതർ അറിയിച്ചു. വടക്കൻ ഇസ്രയേലിൽ സമീപ ആഴ്ചകളിൽ സമാനമായ നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വിശ്വാസതീക്ഷ്ണതയോടെ തിരുനാൾ ആഘോഷങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് കർദിനാൾ പിസബല്ല വിശ്വാസികളോട് ആഹ്വാനം ചെയ്തു.