വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കവെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇറാന്റെ എണ്ണ കൈവശപ്പെടുത്തുന്നത് തന്റെ പ്രിയപ്പെട്ട ലക്ഷ്യമാണെന്ന് ട്രംപ് തുറന്നു പറഞ്ഞത്.
ഇറാനിലെ എണ്ണ വാങ്ങുന്നതിനെ വിമർശിക്കുന്ന അമേരിക്കയിലെ ചിലരെ മണ്ടന്മാർ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഖാർഗ് ദ്വീപിന്റെ പ്രതിരോധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെ ഇറാന് കാര്യമായ പ്രതിരോധമൊന്നുമില്ലെന്നും വളരെ എളുപ്പത്തിൽ ആ പ്രദേശം പിടിച്ചെടുക്കാൻ കഴിയുമെന്നും അദേഹം അവകാശപ്പെട്ടു.
ഗൾഫ് മേഖലയിലുടനീളം സംഘർഷം പടരുകയും ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.