ഹോര്‍മുസ് തുറക്കേണ്ട; യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ട്രംപ്

 ഹോര്‍മുസ് തുറക്കേണ്ട; യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് അടഞ്ഞുകിടക്കട്ടെയെന്നും ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് പിന്നീട് വലിയ ഓപ്പറേഷന്‍ നടത്തുമെന്നും ട്രംപ് പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാധാന കരാറിന് വഴങ്ങിയില്ലെങ്കില്‍ ഇറാനിലെ ഊര്‍ജ പ്ലാന്റുകളും എണ്ണ കിണറുകളും ഖാര്‍ഗ് ദ്വീപും ജല ശുദ്ധീകരണ കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇറാന്‍ എത്രയും വേഗം ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനിലെ പുതിയ ഭരണകൂടവുമായി യു.എസ് നടത്തുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഏപ്രില്‍ ആറ് വരെ ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് വ്യക്തമാക്കിയത്. യു.എസിന്റെ 3500 സൈനികരും യുദ്ധക്കപ്പലും മേഖലയിലെത്തിയതിന് പിന്നാലെയുള്ള ട്രംപിന്റെ നിലപാട് മാറ്റത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.

പാരച്യൂട്ടുകള്‍ വഴി ലക്ഷ്യ സ്ഥാനങ്ങളില്‍ ഇറങ്ങി ശത്രുവിനെ ആക്രമിക്കാന്‍ വിദഗ്ധരായ ആയിരത്തിലേറെ പാരാട്രൂപ്പ്, അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങളും മേഖലയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇറാനിലെ എണ്ണ തനിക്ക് വേണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.ഇറാനിലെ എണ്ണ നേടുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടകാര്യമാണെന്ന് പറഞ്ഞ അദേഹം പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.