വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി രണ്ടാം ഊഴത്തിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് പുതിയ സര്‍വേ. എഎഫ് പോസ്റ്റ് പുറത്തുവിട്ട വിശകലനം അനുസരിച്ച് ട്രംപിന്റെ നെറ്റ് അപ്രൂവല്‍ റേറ്റിങ് മൈനസ് 17 ലേക്ക് താഴ്ന്നു. ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അംഗീകാര നിരക്കാണ് നിലവില്‍ ട്രംപ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രണ്ടാം ഊഴം പോസിറ്റീവ് റേറ്റിങോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ജിമ്മി കാര്‍ട്ടര്‍, റൊണാള്‍ഡ് റീഗന്‍ എന്നിവരേക്കാള്‍ താഴ്ന്ന നിലയിലാണ് ട്രംപിന്റെ നിലവിലെ പ്രകടനം. ഫോക്‌സ് ന്യൂസ് നടത്തിയ പോള്‍ അനുസരിച്ച് 41 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. 59 ശതമാനം പേരും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി.
മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം 92 ശതമാനം പിന്തുണയുണ്ടായിരുന്നത് ഇക്കൊല്ലം 84 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റുകള്‍ക്കിടയില്‍ 95 ശതമാനം പേരും ട്രംപിനെ എതിര്‍ക്കുന്നു. സ്വതന്ത്ര വോട്ടര്‍മാരില്‍ 75 ശതമാനവും അദേഹത്തിന്റെ പ്രകടനത്തില്‍ അതൃപ്തരാണ്.
യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുണച്ചത്. 62 ശതമാനം പേര്‍ അദേഹത്തിന്റെ പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. ഇറാനുമായുള്ള സംഘര്‍ഷം ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയെ 29 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. 63 ശതമാനം പേര്‍ ഇതിനെതിരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേര്‍ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ്.
കഴിഞ്ഞ ഏപ്രിലില്‍ 44 ശതമാനമായിരുന്ന ട്രംപിന്റെ അംഗീകാര നിരക്ക് ജൂലൈയില്‍ 38 ആയും ഒടുവില്‍ 33 ശതമാനമായും കുത്തനെ ഇടിയുകയായിരുന്നു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ ഈ ജനവിധി വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.