ഏഴ് കുരുന്നുകള്‍ക്ക് പുതിയ തണല്‍; ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കലിന് സാക്ഷ്യം വഹിച്ച് തലസ്ഥാനം

ഏഴ് കുരുന്നുകള്‍ക്ക് പുതിയ തണല്‍; ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കലിന് സാക്ഷ്യം വഹിച്ച് തലസ്ഥാനം

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കല്‍ നടപടികളിലൊന്നിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തലസ്ഥാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് കുരുന്നുകളാണ് വിദേശത്തേക്കും സ്വദേശത്തേക്കുമായി പുതിയ അച്ഛനമ്മമാരുടെ കൈപിടിച്ച് യാത്രയായത്.

ഞെട്ടിക്കുന്ന അതിജീവനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന രണ്ടര വയസുകാരന്‍ ആദിയുടെ യാത്ര ഇറ്റലിയിലേക്കാണ്. രണ്ട് വര്‍ഷം മുമ്പ് വെറും 900 ഗ്രാം തൂക്കവുമായി സമിതിയിലെത്തിയ ആദിയെ എസ്.എ.ടി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിലൂടെയാണ് ആരോഗ്യവാനാക്കിയതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ ഗോപി പറഞ്ഞു. ഇറ്റലിയിലെ കല്‍സിനേറ്റ് സ്വദേശികളായ ദമ്പതികളാണ് ആദിയെ ദത്തെടുത്തത്.

നാല് വയസുകാരി തിഥി പോകുന്നത് അമേരിക്കയിലെ ലോവയിലെ വീട്ടിലേയ്ക്കാണ്. നിലവില്‍ മൂന്ന് മക്കളുള്ള അമേരിക്കന്‍ ദമ്പതികള്‍ തിഥിയെ തങ്ങളുടെ നാലാമത്തെ മകളായാണ് സ്വീകരിച്ചത്. സഹോദരിയെ വരവേല്‍ക്കാന്‍ ദമ്പതികള്‍ക്കൊപ്പം മൂന്ന് മക്കളും ശിശുക്ഷേമ സമിതിയില്‍ എത്തിയിരുന്നു.

മറ്റ് അഞ്ച് കുട്ടികളില്‍ നിലാവും അമൃതും കേരളത്തിലെ ദമ്പതികള്‍ക്കൊപ്പവും ശാരിക, ഇതള്‍, പ്രയാഗ് എന്നിവര്‍ തമിഴ്നാട്ടിലേക്കുമാണ് യാത്രയായത്. നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷം ഇതുവരെ 232 കുട്ടികളെയാണ് ദത്ത് നല്‍കിയത്. ഇതില്‍ 30 പേര്‍ വിദേശത്തേക്കും 202 പേര്‍ സ്വദേശത്തേക്കുമാണ് പോയത്. ഇത് സമിതിയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷയും ശരിയായ വളര്‍ച്ചയും ഉറപ്പാക്കിയ ശേഷമാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സമിതിയുടെ കരുതലില്‍ വളര്‍ന്ന ഈ കുരുന്നുകള്‍ക്ക് തണലായി ഇനി സ്‌നേഹനിധികളായ മാതാപിതാക്കള്‍ ഉണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.