പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം തടയും; നേരിടാന്‍ പുതിയ പ്രതിരോധ സഖ്യങ്ങള്‍: വെളിപ്പെടുത്തലുമായി നെതന്യാഹു

പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം തടയും; നേരിടാന്‍ പുതിയ പ്രതിരോധ സഖ്യങ്ങള്‍: വെളിപ്പെടുത്തലുമായി നെതന്യാഹു

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം തടയാന്‍ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ പ്രതിരോധ സഖ്യങ്ങള്‍ രൂപീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ സുപ്രധാന ഉടമ്പടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദേഹം പറഞ്ഞു.
ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു നിര്‍ണായക വെളിപ്പെടുത്തല്‍.

ഇറാന്റെ സൈനിക-ആണവ മോഹങ്ങളില്‍ ആശങ്കയുള്ള ചില അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള സഹകരണം ശക്തമാവുകയാണെന്ന് അദേഹം സൂചിപ്പിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷിയും ആണവ പദ്ധതികളും മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന തിരിച്ചറിവാണ് പുതിയ കൂട്ടായ്മയ്ക്ക് പിന്നിലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സഖ്യത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇറാന്റെ ആയുധ നിര്‍മാണ ശേഷിയെ ഇസ്രയേല്‍ തകര്‍ത്തതായി നെതന്യാഹു അവകാശപ്പെട്ടു. ഇറാനിലെ നിലവിലെ ഭരണകൂടം വൈകാതെ തകരും. ഇറാന്റെ ആണവ-മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ വഴി നേരിട്ടുള്ള ഭീഷണികള്‍ ഒഴിവാക്കാന്‍ സാധിച്ചു. മാത്രമല്ല ലബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഇനി ഇസ്രയേലിന് വെല്ലുവിളിയല്ലെന്നും നെതന്യാഹു പറഞ്ഞു.

മേഖലയില്‍ ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ സാധിച്ചതോടെ ഹിസ്ബുള്ളയുടെ ശക്തിയും ക്ഷയിച്ചു. ഇസ്രയേലിന്റെ ശക്തമായ സൈനിക നടപടികള്‍ ഇറാന്‍ അനുകൂല സംഘടനകളുടെ നട്ടെല്ലൊടിച്ചതായും അദേഹം അവകാശപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.