സിഡ്‌നി: ലോകപ്രശസ്ത ചിത്രകാരൻ ചാൾസ് ബില്ലിച്ച് തന്റെ ബ്രഷും കാൻവാസും വീണ്ടും ചലിപ്പിക്കുന്നത് ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയാണ്, സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം. 91-ാം വയസിൽ അദേഹം വരച്ച കത്തീഡ്രലിന്റെ അപൂർവ്വ ചിത്രം മെയ് ഒമ്പതിന് നടക്കുന്ന 'ഇൻ ലുമിനെ ഫിദെ' (In Lumine Fidei) എന്ന ഗാല ഡിന്നറിൽ ലേലം ചെയ്യും. കത്തീഡ്രലിന്റെ സംരക്ഷണത്തിനായുള്ള ഫണ്ട് ശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ക്രൊയേഷ്യയിലെ ഒരു കത്തോലിക്കാ ഗ്രാമത്തിൽ ജനിച്ച് അൾത്താര ബാലനായി വളർന്ന ചാൾസ് ഒരിക്കൽ പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് തടവുശിക്ഷ അനുഭവിച്ച അദേഹം പിന്നീട് ഓസ്‌ട്രേലിയയിൽ എത്തുകയും ലോകം ആദരിക്കുന്ന ചിത്രകാരനായി മാറുകയും ചെയ്തു.
"ആകാശത്തിരിക്കുന്ന വലിയ ഡയറക്ടർ ഈ ദൗത്യത്തിനായി എന്നെ തിരഞ്ഞെടുത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു," എന്ന് ബില്ലിച്ച് തന്റെ കലാജീവിതത്തെക്കുറിച്ച് പറയുന്നു.
രണ്ട് മാർപാപ്പമാരുടെ ആദരവ് ഏറ്റുവാങ്ങിയ അപൂർവ്വം കലാകാരന്മാരിൽ ഒരാളായ ചാൾസ് ബില്ലിച്ച് 1995 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വിശുദ്ധ മേരി മക്കിലോപ്പിന്റെ ചിത്രം സമ്മാനിക്കുകയും 2018 ൽ ഫ്രാൻസിസ് പാപ്പയിൽ നിന്ന് നേരിട്ടുള്ള കമ്മീഷൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സിഡ്‌നി കത്തീഡ്രലിൽ സ്ഥാപിച്ചിട്ടുള്ള വിഖ്യാതമായ 'റിസറക്ഷൻ' (Resurrection) എന്ന ചിത്രം ഇദേഹത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്നാണ്.
"സിഡ്‌നിയിലെ ഈ ദേവാലയം ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ്. അവിടത്തെ അന്തരീക്ഷം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. കത്തീഡ്രലിനടുത്ത് എത്തുമ്പോൾ ഞാൻ എന്റെ വീട്ടിലെത്തിയത് പോലെ സുരക്ഷിതനായി അനുഭവപ്പെടുന്നു," ബില്ലിച്ച് വികാരാധീനനായി പറഞ്ഞു.
കത്തീഡ്രലിന്റെ സംരക്ഷണത്തിനായി കാത്തലിക് സൂപ്പർ, ഡബ്ല്യു.എൻ. ബുൾ ഫ്യൂണറൽസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഈ ഉദ്യമത്തിൽ കൈകോർക്കുന്നുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക കത്തീഡ്രലിന്റെ ചരിത്രപരമായ തനിമ നിലനിർത്തുന്നതിനും വരും തലമുറയ്ക്കായി അത് സംരക്ഷിക്കുന്നതിനുമായാണ് വിനിയോഗിക്കുക. ഒരു കലാകാരൻ തന്റെ വിശ്വാസത്തിന് നൽകുന്ന ഏറ്റവും വലിയ ഉപഹാരമായാണ് ഈ പുതിയ ചിത്രത്തെ സിഡ്‌നിയിലെ വിശ്വാസസമൂഹം ഉറ്റുനോക്കുന്നത്.