കുടിയേറ്റക്കാരുടെ യോഗ്യത അംഗീകരിക്കണം; ഓസ്‌ട്രേലിയൻ ഉൽപാദനക്ഷമത വർധിപ്പിക്കാൻ നിർണായക നീക്കം

കുടിയേറ്റക്കാരുടെ യോഗ്യത അംഗീകരിക്കണം; ഓസ്‌ട്രേലിയൻ ഉൽപാദനക്ഷമത വർധിപ്പിക്കാൻ നിർണായക നീക്കം

കാൻബറ: ഓസ്‌ട്രേലിയയിലെ കുടിയേറ്റ തൊഴിലാളികളുടെ വിദേശ യോഗ്യതകൾ അംഗീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്നും ചിലവ് കുറയ്ക്കണമെന്നും സാമ്പത്തിക വിദഗ്ധർ. രാജ്യത്തിന്റെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ഈ നടപടി അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

നാഷണൽ പ്രസ് ക്ലബ് ഓഫ് ഓസ്‌ട്രേലിയയിൽ മുൻ ട്രഷറി സെക്രട്ടറി മാർട്ടിൻ പാർക്കിൻസണും സെറ്റിൽമെന്റ് സർവീസസ് ഇന്റർനാഷണൽ സിഇഒ വയലറ്റ് റൂമെലിയോറ്റസും നടത്തിയ സംയുക്ത പ്രസംഗത്തിലാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. പുതിയ കണക്കുകൾ പ്രകാരം, ഓസ്‌ട്രേലിയയിൽ സ്ഥിര താമസമാക്കിയ രണ്ടര ലക്ഷത്തിലധികം കുടിയേറ്റക്കാർ അവരുടെ യോഗ്യതയ്ക്കും കഴിവിനും താഴെയുള്ള ജോലികളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയുടെ വലിയൊരു നഷ്ടമാണെന്ന് അവർ നിരീക്ഷിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്ന് നേടിയ ബിരുദങ്ങളും പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും ഓസ്‌ട്രേലിയൻ മാനദണ്ഡങ്ങൾക്കനുസരിച്ച് അംഗീകരിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം.യോഗ്യതകൾ അംഗീകരിച്ചു കിട്ടുന്നതിനായി നിലവിൽ ഭീമമായ തുക ചെലവാക്കേണ്ടി വരുന്നത് കുടിയേറ്റക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഇത് ലഘൂകരിക്കണം. ലൈസൻസുള്ള തൊഴിൽ മേഖലകളിൽ (ഉദാഹരണത്തിന് നേഴ്സിംഗ്, എഞ്ചിനീയറിംഗ്, നിർമ്മാണ മേഖല) അനുഭവപ്പെടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാരുടെ വൈദഗ്ധ്യം കൃത്യമായി പ്രയോജനപ്പെടുത്തണം.

വിദേശത്തുനിന്ന് മികച്ച വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും നേടി എത്തുന്നവരെ അവരുടെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലികളിൽ നിയമിക്കുന്നത് ഓസ്‌ട്രേലിയൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ കരുത്താകും. കുടിയേറ്റക്കാരുടെ യോഗ്യതകൾ അംഗീകരിക്കുന്നതിലെ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിലൂടെ ഉൽപാദനക്ഷമതയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും വിദഗ്ധർ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.