ധാക്ക: ബംഗ്ലാദേശിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായ ഈസ്റ്റർ സൺഡേ സർക്കാർ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വാസികൾ പ്രതിഷേധ രംഗത്ത്. ബംഗ്ലാദേശ് ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിന് മുന്നിൽ നടന്ന മനുഷ്യമതിലിലും റാലിയിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഈസ്റ്റർ ദിനം സർക്കാർ അവധി കലണ്ടറിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രധാനമന്ത്രി താരീഖ് റഹ്മാന് നിവേദനം നൽകി. നിലവിൽ രാജ്യത്തെ ആറ് ലക്ഷത്തോളം വരുന്ന ക്രൈസ്തവർക്ക് ക്രിസ്മസ് ദിനത്തിൽ മാത്രമാണ് ഔദ്യോഗിക അവധി ലഭിക്കുന്നത്. എന്നാൽ ഭൂരിപക്ഷ വിഭാഗമായ മുസ്ലീം സമൂഹത്തിന് ഈദ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ഒന്നിലധികം ദിവസവും, ഹിന്ദു വിഭാഗത്തിന് ദുർഗാ പൂജയ്ക്ക് രണ്ട് ദിവസവും അവധി ലഭിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
വിശ്വാസികളുടെ ഈ ആവശ്യത്തിന് ബംഗ്ലാദേശ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും ധാക്ക ആർച്ച് ബിഷപ്പുമായ ബിജോയ് എൻ. ഡിക്രൂസ് ഒ.എം.ഐ പൂർണ പിന്തുണ പ്രഖ്യാപിച്ചു. "പൊതു അവധി ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേർന്ന് ഈ വലിയ തിരുനാൾ ആഘോഷിക്കാൻ സാധിക്കുന്നില്ല. ഗ്രാമങ്ങളിലുള്ളവർക്ക് ജോലി സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്താൻ കഴിയാത്തത് മതപരമായ ചടങ്ങുകളെ ബാധിക്കുന്നു," ആർച്ച് ബിഷപ്പ് പറഞ്ഞു.
ഈസ്റ്റർ അവധി എന്നത് സഭയുടെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിർമ്മൽ റൊസാരിയോ പറഞ്ഞു. ലോക ചരിത്രത്തിൽ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ഏക വ്യക്തി യേശുക്രിസ്തുവാണെന്നും ആ വലിയ ദിനത്തിന് അർഹമായ പ്രാധാന്യം നൽകി പൊതുഅവധി അനുവദിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ക്രൈസ്തവർ ഒരു ശതമാനത്തിൽ താഴെ മാത്രമാണെങ്കിലും തങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിലാണ് വിശ്വാസികൾ.