കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ വ്യാജ മെഡിക്കല്‍ അത്യാഹിതങ്ങളില്‍പ്പെടുത്തി കോടികളുടെ ഇന്‍ഷ്വറന്‍സ് തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെക്കിങ് ഏജന്‍സികള്‍, ഹെലികോപ്ടര്‍ കമ്പനികള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരടങ്ങുന്ന 32 അംഗ സംഘത്തിനെതിരെ നേപ്പാള്‍ പൊലീസ് കേസെടുത്തു.
ഇരുപത് മില്യണ്‍ ഡോളറിന്റെ (ഏകദേശം 165 കോടിയിലധികം രൂപ) വന്‍ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
ടൂറിസ്റ്റുകളുടെ ഒപ്പമുള്ള ഗൈഡുകള്‍ ഭക്ഷണത്തില്‍ അമിതമായി ബേക്കിങ് സോഡ കലര്‍ത്തും. ഇത് സഞ്ചാരികളില്‍ കഠിനമായ വയറു വേദനയും മറ്റ് ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ഉയരങ്ങളില്‍ അനുഭവപ്പെടുന്ന 'ആള്‍ട്ടിറ്റിയൂഡ് സിക്‌നസ്' ആണിതെന്ന് വിശ്വസിപ്പിച്ച് സഞ്ചാരികളെ ഭയപ്പെടുത്തുകയും ചെയ്യും.
തുടര്‍ന്ന് വന്‍ തുക ഈടാക്കി ഹെലികോപ്ടര്‍ വഴി രക്ഷാ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കും. ചില സാഹചര്യങ്ങളില്‍ ടൂറിസ്റ്റുകളെ സ്വാധീനിച്ച് വ്യാജമായി അസുഖം അഭിനയിപ്പിക്കാറുണ്ടെന്നും മറ്റു ചിലപ്പോള്‍ അവരുടെ അറിവില്ലാതെ ഭക്ഷണത്തിലോ മരുന്നിലോ മാറ്റങ്ങള്‍ വരുത്തി അവരെ രോഗികളാക്കാറുണ്ടെന്നുമാണ് കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
19.69 മില്യണ്‍ ഡോളറിന്റെ വ്യാജ ഇന്‍ഷ്വറന്‍സ് ക്ലെയിമുകളാണ് നടന്നിരിക്കുന്നത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ഒരു കമ്പനി 1,248 ഓളം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ 171 എണ്ണവും വ്യാജമായി കെട്ടിച്ചമച്ചതാണ്. ഇതിലൂടെ മാത്രം 10 മില്യണ്‍ ഡോളര്‍ കമ്പനി സമ്പാദിച്ചു. ഹെലികോപ്ടര്‍ പറന്നതായും രോഗികള്‍ക്ക് ചികിത്സ നല്‍കിയതായും കാണിക്കാന്‍ വ്യാജ ബില്ലുകളും മെഡിക്കല്‍ രേഖകളും ഇവര്‍ നിര്‍മിക്കുകയായിരുന്നു.
ജനുവരിയില്‍ നടന്ന അന്വേഷണത്തില്‍ മൂന്ന് പ്രമുഖ മൗണ്ടന്‍ റെസ്‌ക്യൂ സ്ഥാപനങ്ങളുടെ ആറ് ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. 2022 നും 2025 നും ഇടയില്‍ 300 ലധികം വ്യാജ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.
തുടര്‍ച്ചയായുണ്ടാകുന്ന തട്ടിപ്പുകള്‍ മൂലം പല പ്രമുഖ അന്താരാഷ്ട്ര ഇന്‍ഷ്വറന്‍സ് കമ്പനികളും നേപ്പാളിലെ ട്രെക്കിങ് ടൂറിസ്റ്റുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത് നിര്‍ത്തലാക്കി. ഇത് നേപ്പാളിന്റെ ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇത്തവണ അഞ്ഞൂറോളം പേര്‍ എവറസ്റ്റ് കീഴടക്കാന്‍ എത്തുമെന്നിരിക്കെ, സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.