ആക്രമണം ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ
വാഷിങ്ടണ്‍: ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ പ്രമുഖ സൈനിക നേതാക്കളെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവിവേകത്തോടെയും ശത്രുതാപരമായ നിലപാടുകളോടെയും ഇറാനെ നയിച്ചിരുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ടെഹ്റാനില്‍ നടന്ന വന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.
സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വെളിപ്പെടുത്തല്‍. ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരു മിനിറ്റും എട്ട് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യവും അദേഹം പങ്കുവെച്ചിട്ടുണ്ട്.
48 മണിക്കൂറിനുള്ളില്‍ അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കില്‍ ഇറാന് വന്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. ആക്രമണം നടന്ന സമയമോ, കൊല്ലപ്പെട്ട സൈനിക നേതാക്കളുടെ വിവരങ്ങളോ അമേരിക്ക പുറത്ത് വിട്ടിട്ടില്ല.
അതേസമയം അമേരിക്കയുടെ ഭീഷണികളെ തള്ളി ഇറാന്‍ രംഗത്തെത്തി. അമേരിക്കയ്ക്കും ഇസ്രയേലിനും അപ്രതീക്ഷിതമായ തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ തന്ത്രപരമായ പദ്ധതികള്‍ക്കനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഇറാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.