ബെയ്ജിങ്: തങ്ങളുടെ സമുദ്ര മേഖലയിലെ വ്യോമപാതയില്‍ 40 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. വ്യക്തമായ കാരണങ്ങളില്ലാതെ ചൈന ഇത്തരമൊരു നടപടിയെടുത്തത് എന്തിനെന്ന ചോദ്യം ഉയരുകയാണ്. തായ് വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട ദീര്‍ഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന സംശയമാണ് ഉയരുന്നത്.
സാധാരണഗതിയില്‍ ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സൈനികാഭ്യാസങ്ങള്‍ക്കായിട്ടാണ് ചൈന ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുള്ളത്. എന്നാല്‍, ഇത്തവണ മാര്‍ച്ച് 27 മുതല്‍ മെയ് ആറ് വരെ നീളുന്ന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയും നീണ്ട കാലാവധി അസാധാരണമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യെല്ലോ സീ, ഈസ്റ്റ് ചൈന സീ എന്നീ മേഖലകളിലായി തായ് വാനേക്കാള്‍ വലിയ വിസ്തൃതിയുള്ള പ്രദേശത്താണ് നിയന്ത്രണം വരുന്നത്. ഈ മേഖലകളില്‍ വിമാനങ്ങള്‍ക്ക് ഉയര പരിധിയില്ലാത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഈ നടപടിയെക്കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി 'നോട്ടാം' പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സിവില്‍ ഏവിയേഷന്‍ ഇതുവരെ തടസപ്പെട്ടിട്ടില്ല.
ഇത് വെറുമൊരു സൈനികാഭ്യാസമല്ലെന്നും മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നുമാണ് പ്രതിരോധ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. തായ് വാനുമായുള്ള ഭാവിയിലെ വ്യോമയുദ്ധങ്ങള്‍ പരിശീലിക്കാനുള്ള നീക്കമായും ഇതിനെ കാണുന്നവരുണ്ട്.
അമേരിക്കയുടെ ശ്രദ്ധ നിലവില്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധങ്ങളില്‍ പതിഞ്ഞിരിക്കുന്ന സാഹചര്യം ചൈന മുതലെടുക്കുകയാണെന്ന് തായ് വാന്‍ അധികൃതര്‍ വിശ്വസിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിന്‍പിങും തമ്മിലുള്ള ചര്‍ച്ചകള്‍ വൈകുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.