വാഷിങ്ടണ്‍: സമാധാന ചര്‍ച്ചയിലെ ഉപാധികള്‍ അംഗീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നല്‍കിയിട്ടുള്ള സമയ പരിധി ഇന്ന് രാത്രി എട്ടിന് അവസാനിക്കാനിരിക്കേ ഇറാനിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളില്‍ ആക്രമണം നടത്താനുള്ള നീക്കങ്ങള്‍ക്ക് യു.എസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
സമയപരിധിയ്ക്കകം ഒരു ഉടമ്പടിയിലെത്താന്‍ പരാജയപ്പെട്ടാല്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഇറാന്‍ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കേയാണ് അമേരിക്കയുടെ ആക്രണ പദ്ധതി ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ട്രംപിന് നല്‍കുന്നതിനായി സാധ്യമായ ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് സൈനിക ഉദ്യോഗസ്ഥര്‍ തയ്യാറാക്കുകയാണെന്നും ട്രംപ് ആക്രമണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ നിരവധി ഓപ്ഷനുകള്‍ മുന്നിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസൈല്‍ സംവിധാനങ്ങള്‍ക്കോ റോക്കറ്റ് ലോഞ്ചറുകള്‍ക്കോ ഇന്ധനം നല്‍കുന്നതുള്‍പ്പെടെ ഇറാനിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണക്കാക്കപ്പെടുന്ന പ്രധാന ഊര്‍ജ സൗകര്യങ്ങള്‍ ഈ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
സിവിലിയന്‍, സൈനിക പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇറാനിലെ ഊര്‍ജ ശൃംഖലയാണ് ആക്രമണ ലിസ്റ്റിലെ പ്രധാന കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.
ട്രംപ് ഇറാനില്‍ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് ഈ തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ വിസമ്മതിച്ചാല്‍ ഇറാനിലെ എല്ലാ പവര്‍ പ്ലാന്റുകളും നശിപ്പിക്കപ്പെട്ടേക്കാമെന്ന് ട്രംപ് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൈനിക ഓപ്ഷനുകള്‍ തയ്യാറാക്കുന്നതിനൊപ്പം ഈ സാഹചര്യം ചര്‍ച്ചകളിലേക്ക് നീങ്ങുമോ അതോ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.
എന്നാല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നു കണ്ടാല്‍ സൈനിക ആക്രമണം താല്‍കാലികമായി മാറ്റി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായാല്‍ അത്തരമൊരു തീരുമാനം ഉണ്ടായേക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരടങ്ങുന്ന നയതന്ത്ര സംഘം ഒരു ഉടമ്പടിക്കായി ശ്രമിക്കുമ്പോള്‍, ട്രംപിന്റെ നിലപാട് കൂടുതല്‍ കര്‍ക്കശമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക തുടങ്ങിയ പ്രധാന വിട്ടുവീഴ്ചകള്‍ക്ക് ഇറാന്‍ തയ്യാറാകാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കരുതെന്ന് ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.