വാഷിങ്ടണ്‍: ഇറാനില്‍ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നും അവരുമായി സഹകരിച്ച് ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തിലാണ്. ആക്രമണം നടന്ന തിയതി മുതല്‍ അവയില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിന് ശേഷമുള്ള വെടിനിര്‍ത്തല്‍ ഗുണപരമായ ഒരു അധികാര മാറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും താരിഫുകളും കുറയ്ക്കുന്നത് പരിഗണനയിലാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉടന്‍ തുടക്കമിടും. സംഘര്‍ഷാനന്തര സാഹചര്യത്തില്‍ അമേരിക്ക ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനപ്പെട്ട പല കാര്യങ്ങളിലും ഇതിനകം ധാരണയായെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.
ഇറാനുമായുള്ള അടുത്ത ഘട്ട ഇടപെടലുകളില്‍ സാമ്പത്തിക നടപടികള്‍ക്കായിരിക്കും മുന്‍ഗണന. ഇറാനുമേല്‍ ചുമത്തിയ താരിഫുകളിലും ഉപരോധങ്ങളിലും ഇളവ് വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണ്.
നിര്‍ദേശിക്കപ്പെട്ട പതിനഞ്ചിന ചട്ടക്കൂടില്‍ പല കാര്യങ്ങളിലും ഇരുപക്ഷവും ഇതിനോടകം ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ പുതിയ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം ഇറാന് സൈനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിന്റെയും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 50 ശതമാനം തീരുവ ഉടന്‍ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.