ഗുജ്‌റൻവാല (പാകിസ്ഥാൻ): പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഈസ്റ്റർ പുലർച്ചെ വിശ്വാസികൾ നടത്തിയ പ്രദക്ഷിണത്തിലേക്ക് അതിവേഗത്തിൽ വന്ന ട്രക്ക് ഇടിച്ചുകയറി 60 പേർക്ക് പരിക്കേറ്റ സംഭവം ഭീകരാക്രമണമെന്ന് സൂചന. ഏപ്രിൽ 5 ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വസീരാബാദ് റോഡിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം വെറുമൊരു അപകടമല്ലെന്നും കൃത്യമായ പ്ലാനിംഗോടെ നടത്തിയ ഭീകരാക്രമണമാണെന്നുമാണ് സഭാ നേതൃത്വം സംശയിക്കുന്നത്.
സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ദേവാലയത്തിലേക്ക് മെഴുകുതിരികളുമായി ഗാനങ്ങൾ ആലപിച്ച് നീങ്ങുകയായിരുന്ന ഇരുനൂറോളം വരുന്ന വിശ്വാസികൾക്കിടയിലേക്കാണ് ട്രക്ക് അമിത വേഗതയിൽ പാഞ്ഞുകയറിയത്. ഇത്രയധികം ആളുകൾ പാട്ടുപാടിയും പടക്കം പൊട്ടിച്ചും നീങ്ങുന്ന ഒരു വലിയ സംഘത്തെ ഡ്രൈവർ കണ്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് പ്രദക്ഷിണത്തിന് നേതൃത്വം നൽകിയ ഫാ. ഷാരൂഖ് നഥാനിയേൽ പറഞ്ഞു. ജനക്കൂട്ടത്തെ ലക്ഷ്യം വെച്ച് മനപൂർവ്വം ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് സഭയുടെ ആരോപണം.
മുൻവർഷങ്ങളിൽ ഇത്തരം വലിയ പ്രഘോഷണങ്ങൾക്ക് സുരക്ഷാ സേനയുടെ കനത്ത സംരക്ഷണം ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഈസ്റ്റർ ദിനമായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല എന്നത് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണോ ഇതെന്ന് സഭ സംശയിക്കുന്നു.
സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊരു തീവ്രവാദ ആക്രമണമാണോ അതോ അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടുണ്ടായതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിന് നേരെ നിരന്തരം നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.