വാഷിങ്ടൺ: ഓൺലൈൻ വഴി ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ വിതരണം ചെയ്യുന്നവർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഏർപ്പെടുത്തിയ നിയമങ്ങൾ ഭൂരിഭാഗം വിതരണക്കാരും കാറ്റിൽ പറത്തുന്നതായാണ് പുതിയ കണ്ടെത്തൽ. 'ഷാർലറ്റ് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട്' മെയ് 26 ന് പുറത്തുവിട്ട ‘ആൻ ഓവർവ്യൂ ഓഫ് ഓൺലൈൻ അബോർഷൻ ഡ്രഗ് ആക്സസ് ഇൻ പോസ്റ്റ്-ഡോബ്സ് അമേരിക്ക’ എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ഗർഭാവസ്ഥയുടെ പത്ത് ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്ര ഗുളികകൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭച്ഛിദ്രം നിയമപരമായി നിരോധിക്കപ്പെട്ട സംസ്ഥാനങ്ങളിലേക്ക് പോലും ഓൺലൈൻ വിതരണക്കാർ മരുന്നുകൾ അയക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരം എട്ട് വിതരണക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഔദ്യോഗിക ആരോഗ്യ സംവിധാനങ്ങൾക്ക് പുറത്തുള്ള ഇത്തരം ഓൺലൈൻ സേവനങ്ങൾ മെഡിക്കൽ പരിശോധനകളോ അൾട്രാസൗണ്ടോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. മിക്കപ്പോഴും ഒരുതരത്തിലുള്ള മെഡിക്കൽ മേൽനോട്ടവും സ്ത്രീകൾക്ക് ലഭിക്കുന്നില്ല. എഫ്.ഡി.എയുടെ മുന്നറിയിപ്പ് അവഗണിച്ച് 28 വെബ്സൈറ്റുകൾ ഇപ്പോഴും അംഗീകാരമില്ലാത്തതും തെറ്റായ ലേബലുകളുള്ളതുമായ ഗർഭച്ഛിദ്ര ഗുളികകൾ വിൽക്കുന്നുണ്ട്.
സ്ത്രീകളുടെ സമ്മതമില്ലാതെ പങ്കാളികളോ മറ്റുള്ളവരോ ഭക്ഷണത്തിലോ മറ്റോ ഗർഭച്ഛിദ്ര ഗുളികകൾ കലർത്തി നൽകി കുട്ടിയെ കൊലപ്പെടുത്തുന്ന കേസുകൾ വർധിച്ചു വരുന്നതായി 'ഹാർട്ട് ബീറ്റ് ഇന്റർനാഷണൽ' വക്താവ് ആൻഡ്രിയ ട്രഡൻ ആശങ്ക പ്രകടിപ്പിച്ചു. കെന്റക്കി, ടെക്സാസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ ഇത്തരത്തിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ഇക്ടോപിക് ഗർഭധാരണമുള്ള സ്ത്രീകൾക്ക് ഈ ഗുളികകൾ നൽകുന്നത് മരണ കാരണമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
ഓൺലൈൻ ഗർഭച്ഛിദ്ര ഗുളികകളുടെ വിതരണം ഒരു 'നിയമവാഴ്ചയില്ലാത്ത കാടത്തം' പോലെയാണെന്ന് റിപ്പോർട്ടിന്റെ രചയിതാവ് മിയ സ്റ്റ്യൂപ്പർട്ട് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നേരിട്ടുള്ള മെഡിക്കൽ പരിശോധനയും കർശനമായ നിയന്ത്രണങ്ങളും അനിവാര്യമാണെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ലാഭക്കൊതിയിൽ സ്ത്രീകളുടെ ആരോഗ്യത്തെ പണയപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ റിപ്പോർട്ട് നൽകുന്നത്.