ടെഹ്‌റാൻ: ആഗോള വാണിജ്യത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. മൈനുകൾ എവിടെയൊക്കെയാണ് സ്ഥാപിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതിനാൽ പാത പൂർണമായും തുറക്കുക അസാധ്യമാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് ഇസ്ലമാബാദിൽ പുരോഗമിക്കുന്ന ഇറാൻ-യുഎസ് സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൂചന.
അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാൻ ഹോർമുസിൽ മൈനുകൾ സ്ഥാപിച്ചത്. എന്നാൽ ഇവയുടെ കൃത്യമായ സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ഇറാന് ധാരണയില്ലെന്നാണ് വിവരം.
ചെറുബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ട് മൈനുകൾ നിക്ഷേപിച്ചതിനാൽ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടില്ല. രേഖപ്പെടുത്തിയ മൈനുകൾ പോലും സമുദ്ര പ്രവാഹത്തിൽ ഒഴുക്കിൽപ്പെട്ട് സ്ഥാനം മാറിയിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് കണ്ടെത്തുക അതിദുഷ്കരമാണെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഹോർമുസ് ഇടനാഴി എത്രയും വേഗം തുറക്കണമെന്നതാണ് പാകിസ്ഥാനിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്കയുടെ പ്രധാന ആവശ്യം. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി എത്തിയിരിക്കുന്നത്. ചർച്ചകളിൽ ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ കർശനമായി പ്രതികരിക്കുമെന്ന് വാൻസ് മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരദ് കുഷ്നറും വാൻസിനൊപ്പമുണ്ട്.
അമേരിക്കയെ വിശ്വസിക്കാൻ പ്രയാസമാണെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബഖർ ഗാലിബാഫ് പ്രതികരിച്ചു. ലബനനിലെ വെടിനിർത്തലും മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകലും ചർച്ചയ്ക്കുള്ള ഉപാധികളായി ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയിലെ ഈ അനിശ്ചിതത്വം ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.