ഇസ്ലമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും ഏപ്രില്‍ 21 വരെ മേഖലയില്‍ വെടിനിര്‍ത്തല്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഏഴിന് ആരംഭിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഏപ്രില്‍ 21 വരെ തുടരുമെന്നാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്.
ഇസ്ലമാബാദില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ആണവ നിരായുധീകരണം, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യവും ഉപരോധങ്ങള്‍ നീക്കണമെന്ന ഇറാന്റെ ആവശ്യവും ചര്‍ച്ചകളെ വഴിമുട്ടിച്ചു.
അതേസമയം സൗദി അറേബ്യയില്‍ തങ്ങളുടെ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇറാന് മേല്‍ ശക്തമായ സൈനിക സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഏപ്രില്‍ 21 നുള്ളില്‍ സമാധാന നിര്‍ദേശത്തോട് ഇറാന്‍ പ്രതികരിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ സൈനികമായി ഇടപെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാന്റെയും സൗദി അറേബ്യയുടെയും സൈനിക സമ്മര്‍ദവും നയതന്ത്ര നീക്കങ്ങളും ഇറാനെ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു നിര്‍ത്താന്‍ നിലവില്‍ സഹായിക്കുന്നുണ്ട്. എങ്കിലും, നിശ്ചിത സമയപരിധിക്കുള്ളില്‍ അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങളോട് ഇറാന്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലയിലെ സമാധാന അന്തരീക്ഷത്തിന്റെ ഭാവി.
നിലവില്‍ ഇറാന്‍ സൈനിക പിന്മാറ്റത്തിനുള്ള മാനസികാവസ്ഥയിലാണ്. ഗള്‍ഫ് മേഖലയിലെ പാകിസ്ഥാന്‍ സൈന്യത്തിന്റെ സാന്നിധ്യവും അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളും ഇറാനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഉപരോധങ്ങള്‍ നീക്കുന്നതും മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടുന്നതും ഉള്‍പ്പെടെയുള്ള പത്ത് നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ല.
അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന നിര്‍ദേശത്തോട് ഇറാന്‍ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഏപ്രില്‍ 21 വരെ പുതിയ ആക്രമണങ്ങളോ, സംഘര്‍ഷങ്ങളോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.