ലിയോ മാർപാപ്പയുടെ സന്ദർശനം: ഇക്വറ്റോറിയൽ ഗിനിയയിൽ ഒരുക്കങ്ങൾ സജീവം; കുട്ടികൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു

ലിയോ മാർപാപ്പയുടെ സന്ദർശനം: ഇക്വറ്റോറിയൽ ഗിനിയയിൽ ഒരുക്കങ്ങൾ സജീവം; കുട്ടികൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു

മലബോ: ലിയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി ഇക്വറ്റോറിയൽ ഗിനിയയിൽ വിപുലമായ ഒരുക്കങ്ങൾ തുടരുന്നു. സന്ദർശനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സലേഷ്യൻ സന്യാസ സഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനാ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ അൾജീരിയ, കാമറൂൺ, അംഗോള എന്നീ രാജ്യങ്ങൾക്കൊപ്പം ഇക്വറ്റോറിയൽ ഗിനിയയും പരിശുദ്ധ പിതാവ് സന്ദർശിക്കും.

മലബോ മിഷന്റെ ആഭിമുഖ്യത്തിൽ ‘ക്രിസ്തു ജീവിക്കുന്നു!’ എന്ന മുദ്രാവാക്യവുമായി നടന്ന ക്യാമ്പിൽ ഇരുനൂറോളം കുട്ടികളും മുപ്പത്തിയഞ്ചോളം കൗൺസിലർമാരും പങ്കെടുത്തു. സഭയുടെ ദൗത്യത്തെക്കുറിച്ചും മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അറിവ് പകർന്നു നൽകാൻ ഈ മൂന്ന് ദിവസത്തെ പരിപാടി സഹായിച്ചതായി സംഘാടകയായ സി. ഗ്യൂസി ബെച്ചെറോ വ്യക്തമാക്കി.

കുട്ടികളിൽ ആത്മീയ വളർച്ച ലക്ഷ്യമിട്ട് കുർബാന, പ്രാർത്ഥനാ സെഷനുകൾ, വർക്ഷോപ്പുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓരോ ഗ്രൂപ്പുകൾക്കും വി. കാർലോ അക്ക്യുട്ടിസ്, വി. ജോസഫിൻ ബഖിത തുടങ്ങിയ വിശുദ്ധരുടെ പേരുകളാണ് നൽകിയിരുന്നത്. ഇക്വറ്റോറിയൽ ഗിനിയൻ പാരമ്പര്യങ്ങൾ വിളിച്ചോതുന്ന സാംസ്കാരിക സായാഹ്നവും കായിക മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

മുതിർന്നവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. പത്തു പതിറ്റാണ്ടിന് ശേഷമുള്ള മാർപാപ്പയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയുമാണ് രാജ്യം കാത്തിരിക്കുന്നത്. സ്പാനിഷ് സംസാരിക്കുന്ന രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിലെ കത്തോലിക്കാ സഭയ്ക്ക് ഈ സന്ദർശനം പുതിയ കരുത്ത് പകരുമെന്നാണ് വിശ്വാസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.