ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും: സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമെന്ന് മാര്‍പാപ്പ

ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും:  സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ ഭയക്കുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന യുദ്ധത്തെ മാര്‍പാപ്പ എതിര്‍ക്കുന്നതിനെതിരെ ട്രംപ് രംഗത്തു വന്നിരുന്നു. എന്നാല്‍ തന്റെ സന്ദേശത്തെ പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു.

താന്‍ മുന്നോട്ട് വെക്കുന്ന സമാധാന സന്ദേശം സഭയുടെ ദൗത്യമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുമെന്നും പറഞ്ഞ മാര്‍പാപ്പ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളില്‍ തനിക്ക് ഭയമില്ലെന്നും വ്യക്തമാക്കി.

മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നതെന്നും അത് നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു.

അമേരിക്കക്കാരനെ സഭ മാര്‍പാപ്പയായി തിരഞ്ഞെടുത്തതെന്ന് തന്നെ നേരിടാന്‍ വേണ്ടിയാണെന്നും ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ പതിനാലാമന്‍ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു എന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച അതേ ദിവസം തന്നെയാണ് മാര്‍പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കക്കാരനായ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.