'ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്വതന്ത്രമാകണം'; ഫ്രാന്‍സുമായി ചര്‍ച്ച നടത്തി ഇന്ത്യ

'ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്വതന്ത്രമാകണം'; ഫ്രാന്‍സുമായി ചര്‍ച്ച നടത്തി ഇന്ത്യ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഹോര്‍മുസിനെ പഴയ രീതിയില്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും ചര്‍ച്ച നടത്തി. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്വതന്ത്രമാകണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഹോര്‍മൂസിലൂടെ പഴയ തരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

അതിനിടെ ജിസിസിയില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് യുഎസ് അറിയിച്ചു. ഇന്ത്യന്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. എന്നാല്‍ ഇറാനുമേല്‍ അമേരിക്ക സമുദ്ര ഉപരോധം തുടങ്ങി. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുകയും പശ്ചിമേഷ്യന്‍ യുദ്ധ പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്തതോടെ നടുക്കടലില്‍ കുടുങ്ങിപ്പോയ നൂറിലേറെ കപ്പലുകള്‍ വിഴിഞ്ഞത്ത് അടുക്കാന്‍ അനുമതി തേടുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള എട്ട് ഷിപ്പിങ് കമ്പനികളുടെ കപ്പലുകളാണിവ. ഇവയില്‍ ഏറെയും ഏറെയും മദര്‍ ഷിപ്പുകളാണ്. യുദ്ധം കാരണം ദുബായ് തുറമുഖത്ത് അടുപ്പിക്കാന്‍ കഴിയുന്നില്ല. സംഘര്‍ഷം തുടര്‍ന്നാല്‍ വിഴിഞ്ഞത്തിന്റെ അനുമതിക്ക് കാക്കുന്ന കപ്പലുകളുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് 10 നോട്ടിക്കല്‍മൈല്‍ അടുത്താണ് വിഴിഞ്ഞം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.