ഇനി രാജ്യസഭയിലേയ്ക്ക്: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങുന്നു; രാജിക്കത്ത് ഇന്ന് സമര്‍പ്പിക്കും

ഇനി രാജ്യസഭയിലേയ്ക്ക്: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങുന്നു; രാജിക്കത്ത് ഇന്ന് സമര്‍പ്പിക്കും

പട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു. ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രിയായുള്ള തന്റെ അവസാന മന്ത്രിസഭാ യോഗം നിതീഷ് വിളിച്ചിട്ടുണ്ട്. അതിന് ശേഷം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും.

മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി അദേഹം രാജ്യസഭയിലേയ്ക്ക് എത്തും. നിലവില്‍ നിതീഷ് ഔദ്യോഗിക വസതിയായ 1 ആനി മാര്‍ഗില്‍ നിന്നും അദേഹത്തിന്റെ സാധനങ്ങള്‍ തൊട്ടടുത്തുള്ള 7 സര്‍ക്കുലര്‍ റോഡിലെ പുതിയ വസതിയിലേക്ക് മാറ്റിത്തുടങ്ങി. അതേസമയം പുതിയ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ പരമാവധി 36 മന്ത്രിമാരെ ഉള്‍പ്പെടുത്താം.

കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ സി.പി രാധാകൃഷ്ണന്റെ പാര്‍ലമെന്റിലെ ചേംബറിലായിരുന്നു ചടങ്ങ്. 1985 ല്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന നിതീഷ്, 10 തവണ മുഖ്യമന്ത്രിയായി. വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് ദശകത്തോളം മുഖ്യമന്ത്രി കസേരയിലിരുന്ന 75 കാരനായ ജെ.ഡി.യു നേതാവ് ഇന്ന് ആ പദവി രാജിവച്ചേക്കും.

അടുത്ത മുഖ്യമന്ത്രി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിയായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.