'പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോര്‍മുസ് തുറക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു'; ട്രംപുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

 'പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോര്‍മുസ് തുറക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു'; ട്രംപുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ സംഭാഷണം നടന്നതെന്നാണ് പ്രധാന മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

'എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നെ ഫോണില്‍ വിളിച്ചു. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു'. എന്ന് മോഡി എക്‌സില്‍ കുറിച്ചു.

ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഇന്ത്യയിലെ യു.എസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കാറുണ്ടെന്നും പശ്ചിമേഷ്യയിലെ നിലവിലെ സംഭവ വികാസങ്ങളെക്കുറിച്ചും ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും അദേഹം മോഡിയോട് വിശദീകരിച്ചതായും ഗോര്‍ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ജനങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നതായി ഫോണ്‍ സംഭാഷണത്തിനിടെ മോഡി ട്രംപിനെ അറിയിച്ചെന്നും ഗോര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സമാധാന ചര്‍ച്ച ആരംഭിക്കുകയും ചെയ്ത ശേഷം ട്രംപും മോഡിയും തമ്മില്‍ നടക്കുന്ന ആദ്യത്തെ സംഭാഷണം ആണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.