അൾജിയേഴ്സിൽ രക്തസാക്ഷികളെ അനുസ്മരിച്ചു ലിയോ മാർപാപ്പ; തോക്കിൻമുനയിലും തോൽക്കാത്ത വിശ്വാസം

അൾജിയേഴ്സിൽ രക്തസാക്ഷികളെ അനുസ്മരിച്ചു ലിയോ മാർപാപ്പ; തോക്കിൻമുനയിലും തോൽക്കാത്ത വിശ്വാസം

അൾജിയേഴ്സ്: തോക്കിൻമുനയിലും തോൽക്കാത്ത വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകൾ പുതുക്കി ലിയോ മാർപാപ്പ അൾജീരിയയിൽ. മൂന്ന് പതിറ്റാണ്ട് മുൻപ് അൾജീരിയൻ ആഭ്യന്തര യുദ്ധകാലത്ത് വെടിയേറ്റു മരിച്ച രണ്ട് സ്പാനിഷ് സന്യാസിനികളുടെ ധീരസ്മരണയ്ക്ക് മുന്നിൽ പാപ്പ പ്രണമിച്ചു. അൾജിയേഴ്സിലെ ബാബ് എൽ ഔഡിലുള്ള അഗസ്തീനിയൻ മിഷ്ണറി കേന്ദ്രം സന്ദർശിക്കവെയായിരുന്നു പാപ്പയുടെ ഹൃദയസ്പർശിയായ അനുസ്മരണം.

1994 ഒക്ടോബർ 23 നായിരുന്നു ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ ചാപ്പലിലേക്ക് നടന്നുപോവുകയായിരുന്ന സിസ്റ്റർ എസ്തർ പനിയാഗ്വ (45), സിസ്റ്റർ കരിഡാഡ് അൽവാരസ് (61) എന്നിവർക്ക് നേരെ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു.

വിദേശികളെയെല്ലാം വകവരുത്തുമെന്ന് സായുധ സംഘങ്ങൾ പ്രഖ്യാപിച്ചിരുന്ന ഭീകരതയുടെ കാലത്തും സേവനവഴിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തവരായിരുന്നു ഈ സന്യാസിനികൾ. "ഈ രക്തസാക്ഷികളുടെ രക്തം വെറുപ്പിന്റേതല്ല, മറിച്ച് പ്രത്യാശയുടെയും ഐക്യത്തിന്റെയും ജീവനുള്ള വിത്തുകളാണ്," - പാപ്പ പറഞ്ഞു. ‌

ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹം പ്രവൃത്തിയിലൂടെ കാണിച്ചുതന്നവരാണ് ഇവരെന്ന് പാപ്പ കൂട്ടിച്ചേർത്തു. 2018 ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ 19 രക്തസാക്ഷികളിൽ ഇവരും ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് മനുഷ്യർ കൊലചെയ്യപ്പെട്ട അൾജീരിയൻ ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകളിൽ സ്നേഹത്തിന്റെ ലേപനം പുരട്ടുന്നതായിരുന്നു പാപ്പയുടെ സന്ദർശനവും വാക്കുകളും. സമാധാനത്തിന്റെ സന്ദേശവുമായി പാപ്പയുടെ അൾജീരിയൻ പര്യടനം തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.