രണ്ട് ജെഡിയു നേതാക്കളും ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
പട്‌ന: ബിഹാറില്‍ ബിജെപിയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരു പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിച്ച നിതീഷ് കുമാര്‍ പദവി ഒഴിഞ്ഞ് രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സാമ്രാട്ട് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ബുധനാഴ്ച രാവിലെ പട്‌നയിലെ ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നി ജെഡിയു നേതാക്കളും ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ ചരിത്ര വിജയത്തിന് ശേഷം പത്താം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാര്‍ സ്ഥാനമൊഴിയുന്നത് ബിഹാര്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിന്റെ അന്ത്യമാണ്. നിതീഷ് കുമാറിന്റെ 'സുശാസന്‍' എന്ന ആശയത്തിന് ശേഷം എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള പുതിയൊരു അധ്യായത്തിനാണ് സാമ്രാട്ട് ചൗധരിയിലൂടെ തുടക്കമാകുന്നത്.
1968 ല്‍ ജനിച്ച ചൗധരി 1990 കളില്‍ രാഷ്ട്രീയ ജനതാദളിലൂടെയാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2018 ലാണ് അദേഹം ബിജെപിയില്‍ ചേരുന്നത്. ആറ് തവണ എംഎല്‍എയായ ശകുനി ചൗധരിയുടെ മകനാണ്. അദേഹത്തിന്റെ മാതാവ് പാര്‍വതി ദേവിയും എംഎല്‍എ ആയിരുന്നു. 2023 ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ അദേഹം 2024 ല്‍ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ഒരു കാലത്ത് നിതീഷ് കുമാറിന്റെ ഏറ്റവും കടുത്ത വിമര്‍ശകനായിരുന്നു സാമ്രാട്ട് ചൗധരി. നിതീഷ് കുമാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ തന്റെ തലപ്പാവ് അഴിക്കില്ലെന്ന് 2022 ല്‍ അദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഒബിസി വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനവും ആക്രമണോത്സുകമായ രാഷ്ട്രീയ ശൈലിയുമാണ് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്.
ഒബിസി വിഭാഗങ്ങളിലെ കൊയേരി, കുശ്വാഹ സമൂഹങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്ര പ്രധാനമായ നീക്കമായാണ് സാമ്രാട്ട് ചൗധരിയുടെ നിയമനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.