പ്രളയത്തില്‍ മുങ്ങി ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്: പത്ത് മരണം, മുപ്പതിനായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ച് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ

പ്രളയത്തില്‍ മുങ്ങി ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്: പത്ത് മരണം, മുപ്പതിനായിരം  പേരെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ച് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ

സാന്റോ ഡൊമിംഗോ: കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ തുടരുന്ന അതിശക്തമായ മഴ മൂലമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം പത്തായി.

കഴിഞ്ഞ 45 ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റെഡ് ക്രോസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു ഏഴ് വയസുകാരി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരാളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 30,500 പേരെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആറായിരത്തിലധികം വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പാലങ്ങള്‍ തകരുകയും റോഡുകള്‍ ഒലിച്ചു പോവുകയും ചെയ്തതോടെ രാജ്യത്തെ ഇരുപത്തെട്ടോളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പ്രളയത്തില്‍ ജലവിതരണ സംവിധാനങ്ങള്‍ തകരാറിലായതോടെ പത്ത് ലക്ഷത്തോളം ആളുകള്‍ കുടിവെള്ളമില്ലാതെ വലയുകയാണ്. തലസ്ഥാനമായ സാന്റോ ഡൊമിംഗോ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച അഞ്ച് പ്രവിശ്യകളില്‍ പ്രസിഡന്റ് ലൂയിസ് അബിനാഡര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ലോകത്തെ ഒരു നഗരത്തിലെയും ഡ്രെയിനേജ് സംവിധാനത്തിന് താങ്ങാന്‍ കഴിയാത്ത അത്രയും മഴയാണ് പെയ്തതെന്ന് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ 26 പ്രവിശ്യകള്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്ണ് പൂര്‍ണമായും കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ ചെറിയ മഴ പോലും വലിയ ഉരുള്‍പൊട്ടലുകള്‍ക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കാം. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന നിര്‍ദേശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.