യൗണ്ടെ: ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അള്‍ജീരിയയിലെ ത്രിദിന സന്ദര്‍ശനത്തിന് ശേഷം ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാമറൂണില്‍ എത്തി. പാപ്പയുടെ വിമാനം കാമറൂണിലെ യൗണ്ടെ-എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അല്‍പ സമയം മുന്‍പ് ലാന്‍ഡ് ചെയ്തു.
പര്യടനത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ അങ്കോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കും. ഏപ്രില്‍ 23 വരെയാണ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10:15 ന് അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ഹൗറി ബൗമെഡിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പാപ്പയും സംഘവും കാമറൂണിലേക്ക് യാത്ര തിരിച്ചത്.
1982 മുതല്‍ അധികാരത്തിലിരിക്കുന്ന കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയയുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, 18 മാസത്തിനും 20 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളും യുവാക്കളും താമസിക്കുന്ന 'സിസ്റ്റേഴ്സ് ഓഫ് ദി പൂവേഴ്‌സ്' നടത്തുന്ന അനാഥാലയവും സന്ദര്‍ശിക്കും.
അതോടൊപ്പം കാമറൂണ്‍ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും ഇന്നു നടക്കും. ഏപ്രില്‍ 17 വരെ പാപ്പയുടെ കാമറൂണ്‍ സന്ദര്‍ശനം തുടരും. ആകെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ ഏകദേശം 18,000 കിലോ മീറ്ററാണ് പാപ്പ യാത്ര ചെയ്യുന്നത്.
കാമറൂണിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് അള്‍ജിയേഴ്‌സിലെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന നോട്രെ ഡാം ഡി'അഫ്രിക്ക് കുട്ടികളുടെ കേന്ദ്രം പാപ്പ സന്ദര്‍ശിച്ചിരുന്നു. ഔവര്‍ ലേഡി ഓഫ് ആഫ്രിക്കയിലെ ഐക്കണിക് ബസിലിക്കയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ നിന്ന് കേന്ദ്രത്തിലെത്തിയ പാപ്പ കുട്ടികകളുമായി അല്‍പ സമയം ചിലവഴിച്ചു.
കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിച്ച അദേഹം പിന്നീട് വിമാനത്താവളത്തിലേക്ക് മടങ്ങി. കാമറൂണിലേക്ക് പാപ്പയെ യാത്രയാക്കുവാന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദും സിവില്‍, സഭാ പ്രതിനിധികളുടെ സംഘവും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.