സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്: ഭർത്താവിന്റെ രോഗാവസ്ഥ ദൈവത്തിലേക്കുള്ള വഴിയായപ്പോൾ; വിർജീനിയയുടെയും മിഗുവേലിന്റെയും ഹൃദയസ്പർശിയായ കഥ

സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്: ഭർത്താവിന്റെ രോഗാവസ്ഥ ദൈവത്തിലേക്കുള്ള വഴിയായപ്പോൾ; വിർജീനിയയുടെയും മിഗുവേലിന്റെയും ഹൃദയസ്പർശിയായ കഥ

മാഡ്രിഡ്: ജീവിതത്തിന്റെ ഏറ്റവും കഠിനമായ പരീക്ഷണഘട്ടത്തെ ഒരു സമ്മാനമായി സ്വീകരിക്കാൻ കഴിയുമോ? വിർജീനിയ പെരെസ് ഡി സാന്റാന എന്ന യുവതിക്ക് പറയാനുള്ളത് അത്തരമൊരു അത്ഭുതകഥയാണ്. മാരകമായ ബ്രെയിൻ ട്യൂമർ ബാധിച്ച് മരണത്തിന് കീഴടങ്ങിയ തന്റെ ഭർത്താവ് ഡോ. മിഗുവേലിന്റെ അവസാന നാളുകൾ വേദനയുടേതല്ല, മറിച്ച് സ്വർ​ഗീയമായ ശാന്തിയുടെതായിരുന്നുവെന്ന് വിർജീനിയ സാക്ഷ്യപ്പെടുത്തുന്നു.

2024 ലെ അവധിക്കാലത്താണ് ദന്ത ഡോക്ടറായ മിഗുവേലിന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. പരിശോധനാ ഫലം കേട്ട് വിറങ്ങലിച്ചുപോയ വിർജീനിയയെ അത്ഭുതപ്പെടുത്തിയത് മിഗുവേലിന്റെ മുഖത്തെ അസാധാരണമായ ശാന്തതയായിരുന്നു.

രോഗ വിവരം അറിഞ്ഞ നിമിഷം ആശുപത്രിയിലെ ഏകാന്തതയിൽ മുട്ടുകുത്തി നിന്ന് അയാൾ പ്രാർത്ഥിച്ചു— "ദൈവമേ, എന്നെ തനിച്ചാക്കരുതേ". ആ പ്രാർത്ഥനയ്ക്ക് ഉത്തരമെന്നോണം കാൽവിരൽ മുതൽ തലയുടെ മുകൾഭാഗം വരെ ഒരു ഊഷ്മളമായ ആലിംഗനം താൻ അനുഭവിച്ചതായി മിഗുവേൽ പറഞ്ഞു. "വിഷമിക്കേണ്ട, ഞാൻ നിന്നോടൊപ്പമുണ്ട്, നിന്റെ കുരിശ് ഞാൻ വഹിക്കും" എന്ന സ്വരം ആ മുറിയിൽ മുഴങ്ങിയതോടെ മിഗുവേലിലെ മരണഭയം അപ്രത്യക്ഷമായി.

രോഗം മൂർച്ഛിച്ചപ്പോഴും മിഗുവേൽ പരാതിപ്പെട്ടില്ല. തന്റെ രോഗാവസ്ഥ വഴി അഞ്ഞൂറോളം വരുന്ന സുഹൃത്തുക്കളും അപരിചിതരും പ്രാർത്ഥനയിലേക്ക് മടങ്ങിയത് അദേഹം വലിയ അനുഗ്രഹമായി കണ്ടു. ശസ്ത്രക്രിയയ്ക്കും കഠിനമായ ചികിത്സകൾക്കുമിടയിലും ആശുപത്രിയിലെ മറ്റ് രോഗികളെ സന്ദർശിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അദേഹം സമയം കണ്ടെത്തി. ‌

പാലിയേറ്റീവ് കെയറിൽ മരണത്തോട് മല്ലിടുമ്പോഴും അദേഹം പുലർത്തിയ സമാധാനം അവിടുത്തെ ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തി. ഒരു കൗമാരക്കാരൻ കാമുകിയെ കാണാൻ കാത്തിരിക്കുന്ന അതേ ആകാംക്ഷയോടെയാണ് താൻ ദൈവത്തെ കാണാൻ കാത്തിരിക്കുന്നതെന്ന് മിഗുവേൽ പറയുമായിരുന്നു.

കത്തോലിക്കാ പശ്ചാത്തലത്തിൽ വളർന്നുവെങ്കിലും വിശ്വാസത്തിൽ സംശയങ്ങളുണ്ടായിരുന്ന വിർജീനിയയ്ക്ക് ഭർത്താവിന്റെ ഈ മാറ്റം വലിയൊരു പാഠമായി. "വിർജീനിയ ഇനി ഒരിക്കലും സംശയിക്കരുത്, ദൈവം ഉണ്ട്, എനിക്കത് ഉറപ്പാണ്" എന്ന മിഗുവേലിന്റെ വാക്കുകൾ അവൾക്ക് കരുത്തായി. ഇക്കഴിഞ്ഞ മാർച്ച് 10 ന് അദേഹം ഈ ലോകത്തോട് വിടപറയുമ്പോൾ ദുഖത്തേക്കാൾ വലിയൊരു സമാധാനം ആ കുടുംബത്തെ പൊതിഞ്ഞുനിന്നു.

"മിഗുവേൽ ഇപ്പോൾ സന്തോഷവാനാണ്. ദൈവത്തിന് അദ്ദേഹത്തിന് നൽകാൻ കഴിയുമായിരുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ മരണം. അദേഹം സ്വർ​ഗത്തിലുണ്ടെന്ന് എനിക്ക് ഉറപ്പാണ്." - വിർജീനിയ പറഞ്ഞു.

മിഗുവേലിന്റെ മരണം നൂറുകണക്കിന് ആളുകളെ ദൈവത്തിലേക്ക് അടുപ്പിച്ചുവെന്ന തിരിച്ചറിവി വേദനയല്ല പകരം നന്ദിയാണ് തന്റെ ഹൃദയത്തിലെന്ന് ഈ യുവതി പറയുന്നു. ഏറ്റവും കഠിനമായ വേദനയ്ക്കിടയിലും ദൈവത്തിന് നന്ദി പറയാൻ വകയുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചു പറയുകയാണ് വിർജീനിയ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.