ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസന യാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വനിതാ സംവരണ ഭേദഗതി ബില്‍ അവതരണ വേളയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോഡി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നയ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണത്തെ എതിര്‍ത്തവരോട് രാജ്യത്തെ സ്ത്രീകള്‍ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നീക്കത്തെ പ്രതിപക്ഷ എംപിമാര്‍ ശക്തമായി എതിര്‍ത്തു. വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ ബന്ധിപ്പിച്ചതിനെ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചോദ്യം ചെയ്തു.
മണ്ഡല പുനര്‍നിര്‍ണയം പിന്‍വാതിലിലൂടെ നടപ്പാക്കാനായി വനിതാ സംവരണ ബില്ലിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്നും പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും ഗൊഗോയ് പറഞ്ഞു.
വനിതാ സംവരണത്തെ കോണ്‍ഗ്രസ് എല്ലായ്പ്പോഴും അനുകൂലിക്കുന്നുണ്ട്. എന്നാല്‍, വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.
നിലവിലെ ലോക്സഭ സീറ്റുകള്‍ അടിസ്ഥാനമാക്കി വനിതാ സംവരണം നടപ്പാക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ അവശ്യപ്പെട്ടു. കേന്ദ്രം മുന്നോട്ടു വച്ച മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളെ എതിര്‍ക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ ലോക്സഭയില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് ഈ ബില്ലുകള്‍. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
2023 ല്‍ ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ പറഞ്ഞു.