വാഷിങ്ടണ്‍: ഇറാന്‍ ആണവ തര്‍ക്കത്തില്‍ നിര്‍ണായകമായ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നതായി സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഇനി ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
കൂടാതെ ഭൂമിക്കടിയിലെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ കൈമാറാന്‍ സന്നദ്ധത അറിയിച്ചതായും വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. രണ്ട് മാസം മുന്‍പ് വരെ വിസമ്മതിച്ചിരുന്ന കഠിനമായ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ടെഹ്റാന്‍ ഇപ്പോള്‍ തയ്യാറായതിന് പിന്നില്‍ അമേരിക്കയുടെ സൈനിക നടപടിയാണെന്നും ട്രംപ് സൂചിപ്പിച്ചു.
കഴിഞ്ഞ ജൂണില്‍ അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം ഇറാനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. മുന്‍പ് ഇറാന്‍ മുന്നോട്ടുവെച്ച 20 വര്‍ഷത്തെ നിയന്ത്രണം എന്ന ഉപാധിക്ക് പകരം സമയ പരിധിയില്ലാത്ത വിലക്കാണ് പുതിയ കരാറില്‍ വിഭാവനം ചെയ്യുന്നത്. ഇറാന്‍ ഒരു ആണവായുധം പോലും കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് യു.എസ് വ്യക്തമാക്കുന്നു.
നിലവിലെ ചര്‍ച്ചകള്‍ വളരെ ശുഭകരമായാണ് മുന്നോട്ട് പോകുന്നതെന്നും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിലൊന്നിന് ഇതോടെ അന്ത്യമാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാന്‍ അതിശക്തമായ ഉറപ്പാണ് നല്‍കിയിരിക്കുന്നതെന്നും ലോക സമാധാനത്തിന് ഇതൊരു വലിയ ചുവടുവെപ്പായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് അവകാശപ്പെട്ട വ്യവസ്ഥകള്‍ അംഗീകരിച്ചതായി ഇറാന്‍ ഭരണകൂടം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ലെ ആണവ കരാറില്‍ നിന്ന് ട്രംപ് തന്റെ ആദ്യ ഭരണ കാലത്ത് ഏകപക്ഷീയമായി പിന്മാറിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. ഇത് പുതിയ കരാറിനെ ബാധിക്കുമോ എന്നതിലും സംശയമുണ്ട്.