ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതി മണ്ഡല പുനക്രമീകരണവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിന് പിന്നില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയ്ക്ക് മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ബില്ലിന്റെ ഭേദഗതിക്കുമേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം നേടാന്‍ സര്‍ക്കാര്‍ സ്ത്രീകളെ മറയാക്കുകയാണ്. ഇത് വനിതാ സംവരണ ബില്‍ അല്ലെന്നും സത്യത്തിനായി പൊരുതാന്‍ മടിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്ത്രീകള്‍ ഒരു പ്രേരക ശക്തിയാണെന്നാണ് ദേശീയ കാഴ്ചപ്പാട്. ഒബിസി, ദളലിത്, ന്യൂനപക്ഷം എന്നീ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ദലിതരെ ഹിന്ദുക്കളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് ഈ രാജ്യത്ത് ഇടം കൊടുക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ജാതി സെന്‍സസ് കണക്കുകള്‍ ലോക്‌സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാന്‍ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയും.
ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗം എവിടെയാണുള്ളത്. ഒബിസി, ദളിത് വിഭാഗക്കാര്‍ക്ക് രാഷ്ട്രീയ അധികാരം ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.