പാങ്: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒന്‍പത് പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ മലപ്പുറത്തെത്തിച്ചു. പാങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവര്‍ത്തകരെയും അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനവലിയാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തുന്നത്. പൊതുദര്‍ശനത്തിന് ശേഷം ഓരോരുത്തരുടെയും വീടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പൊള്ളാച്ചി ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ഒന്‍പത് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ ഒരുമിച്ച് മലപ്പുറത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് വാല്‍പ്പാറ ചുരം റോഡിലെ പതിമൂന്നാം വളവില്‍ നിന്ന് വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന 13 പേരില്‍ ഒന്‍പത് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.