'ഈ സൈന്യാധിപന്‍ നമുക്ക് ബാധ്യതയാകും'; പാക് സൈനിക മേധാവി അസീം മുനീറിനെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ ഇന്റലിജന്‍സ്

'ഈ സൈന്യാധിപന്‍ നമുക്ക് ബാധ്യതയാകും'; പാക് സൈനിക മേധാവി അസീം മുനീറിനെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ ഇന്റലിജന്‍സ്

മുനീര്‍, ട്രംപ് ഭരണകൂടത്തിന് നേര്‍ക്കുള്ള 'റെഡ് ഫ്ളാഗ്' എന്ന് യുഎസ് ഇന്റലിജന്‍സ്.

വാഷിങ്ടണ്‍: പാക് സംയുക്ത സൈനിക മേധാവി അസിം മുനീര്‍ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

ഇറാന്റെ ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (ഐആര്‍ജിസി) ഉന്നതരുമായുള്ള അസിം മുനീറിന്റെ ദീര്‍ഘകാല ബന്ധം ചൂണ്ടിക്കാണിച്ചാണ് അദേഹം ട്രംപ് ഭരണകൂടത്തിന് തലവേദനയാകാനുള്ള സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് വിലയിരുത്തുന്നത്. മുനീറിനെ ട്രംപ് ഭരണകൂടത്തിന് നേര്‍ക്കുള്ള 'റെഡ് ഫ്ളാഗ്' എന്നാണ് യുഎസ് ഇന്റലിജന്‍സ് വിശേഷിപ്പിക്കുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വധിക്കപ്പെട്ട ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ കാസിം സുലൈമാനി, ഐആര്‍ജിസി കമാന്‍ഡര്‍ ഹുസൈന്‍ സലാമി തുടങ്ങി നിരവധി ഇറാനിയന്‍ ഉന്നതരുമായി അസിം മുനീറിന് വ്യക്തിബന്ധമുണ്ടായിരുന്നെന്ന് വിരമിച്ച പാകിസ്ഥാന്‍ ജനറല്‍ അഹമ്മദ് സയീദിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'പ്രിയങ്കരനായ ഫീല്‍ഡ് മാര്‍ഷല്‍' എന്ന് മുനീറിനെ ട്രംപ് വിശേഷിപ്പിക്കുമ്പോഴും മുനീറിന്റെ നിലപാട് ചിലപ്പോള്‍ യു.എസ് താല്‍പര്യങ്ങളെ വിട്ടുവീഴ്ച ചെയ്യിക്കാന്‍ സാധ്യതുണ്ടെന്ന് അമേരിക്കയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാകിസ്ഥാനെ വഞ്ചകരായ സഖ്യരാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, അവര്‍ക്ക് ഇറാനുമായുള്ള അടുത്തബന്ധം സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. യു.എസ് സഹായം സ്വീകരിച്ചു കൊണ്ടു തന്നെ അഫ്ഗാനിസ്ഥാനില്‍ താലിബാനെ പാകിസ്ഥാന്‍ പിന്തുണച്ചത് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ഇസ്ലമാബാദിനെ കരുതലോടെ വേണം സമീപിക്കാനെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് (എഫ്ഡിഡി) വക്താവ് ബില്‍ റോജിയോ ട്രംപിന് മുന്നറിയിപ്പ് നല്‍കി. ഐആര്‍ജിസിയുമായി അസിം മുനീറിനുള്ള ബന്ധം അമേരിക്കയ്ക്ക് ഗുരുതര ആശങ്കയാണെന്നും അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.