മാർപാപ്പ അംഗോളയിലെത്തി; ലുവാണ്ടയിൽ ഉജ്വല സ്വീകരണം, ഇന്ന് കിലാംബയിൽ ദിവ്യബലി‌

മാർപാപ്പ അംഗോളയിലെത്തി; ലുവാണ്ടയിൽ ഉജ്വല സ്വീകരണം, ഇന്ന് കിലാംബയിൽ ദിവ്യബലി‌

ലുവാണ്ട: കാമറൂണിലെ വിജയകരമായ സന്ദർശനം പൂർത്തിയാക്കി ലിയോ പതിനാലാമൻ മാർപാപ്പ അംഗോളയിലെത്തി. ഇന്ന് കിലാംബ നഗരത്തിൽ പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഹെലികോപ്റ്റർ മാർഗം മുക്സിമയിലെത്തുന്ന അദേഹം പ്രസിദ്ധമായ 'മാമാ മുക്സിമ' മരിയൻ ദേവാലയത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും വിശ്വാസികൾക്ക് സന്ദേശം നൽകുകയും ചെയ്യും."

ഇന്നലെ ലുവാണ്ടയിലെ 4 ഡി ഫെവെറിറോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പരിശുദ്ധ പിതാവിനെ രാഷ്ട്ര പ്രതിനിധികളും സഭാനേതൃത്വവും ചേർന്ന് സ്വീകരിച്ചു. അംഗോളയിലേക്ക് തിരിക്കുന്നതിന് മുൻപ് കാമറൂണിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ രണ്ട് ലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. തുടർന്ന് യൗണ്ടെ-എൻസിമാലെൻ വിമാനത്താവളത്തിൽ നിന്ന് അദേഹം അംഗോളയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

അംഗോളയിലെത്തിയ മാർപ്പാപ്പ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ച് റിപ്പബ്ലിക് പ്രസിഡന്റ് ജോവോ ലോറെൻസോയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിലേക്കുള്ള യാത്രാമധ്യേ തെരുവുകളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ പാപ്പായെ അഭിവാദ്യം ചെയ്തു. തുടർന്ന് സിവിൽ പ്രതിനിധികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിസംബോധന ചെയ്തു. വൈകുന്നേരം ലുവാണ്ടയിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ വെച്ച് അംഗോളയിലെ ബിഷപ്പുമാരുമായും മാർപാപ്പ ആശയവിനിമയം നടത്തി.

തിങ്കളാഴ്ച വടക്കുകിഴക്കൻ പട്ടണമായ സൗറിമോയിൽ സന്ദർശനം നടത്തുന്ന മാർപാപ്പയുടെ അംഗോള പര്യടനം ഏപ്രിൽ 21 ന് സമാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.