മെക്സിക്കോ സിറ്റി: ദേവാലയത്തിലെ അൾത്താരയിൽ ബലിയർപ്പിക്കാനായി ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ കലയും ഭക്തിയും സമന്വയിപ്പിക്കുകയാണ് ഫാ. ജോസ് ലൂയിസ് പിന ജറാമില്ലോ എന്ന മെക്സിക്കൻ പുരോഹിതൻ. ‘ഓരോ തുന്നലും ഒരു പ്രാർത്ഥനയാണ്’ എന്ന വിശ്വാസത്തോടെ താൻ ധരിക്കേണ്ട ആരാധനക്രമ വസ്ത്രങ്ങൾ സ്വന്തം കൈകൾ കൊണ്ട് തുന്നിയെടുക്കുകയാണ് ഈ യുവവൈദികൻ.
മറ്റമോറോസ്–റെയ്‌നോസ രൂപതയിലെ ഇടവക ശുശ്രൂഷകൾക്ക് ശേഷമുള്ള ഒഴിവുസമയമാണ് അദേഹം ഈ തുന്നൽ പ്രാർത്ഥനയ്ക്കായി മാറ്റിവെക്കുന്നത്. തുന്നൽ കലയിൽ മുൻപരിചയമൊന്നുമില്ലാതിരുന്ന ഫാ. പിന 2025 ലാണ് ഈ രംഗത്തേക്ക് തിരിയുന്നത്. ഉയർന്ന വില നൽകി പുരോഹിത വസ്ത്രങ്ങൾ വാങ്ങുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് സ്വന്തമായി ഒന്നു ശ്രമിച്ചുനോക്കാൻ അദേഹത്തെ പ്രേരിപ്പിച്ചത്.
റോം സന്ദർശനവേളയിൽ അവിടുത്തെ കടകളിൽ കണ്ട മനോഹരമായ വസ്ത്രങ്ങൾ ഫാ. പിനയ്ക്ക് പ്രചോദനമായി. നാട്ടിൽ തിരിച്ചെത്തിയ ഉടൻ ഒരു തയ്യൽ മെഷീൻ വാങ്ങിയ ഫാ. പിന ടിക് ടോക്ക്, യൂട്യൂബ് ട്യൂട്ടോറിയലുകൾ കണ്ടാണ് തുന്നലിന്റെ ബാലപാഠങ്ങൾ സ്വയം പഠിച്ചെടുത്തത്.
ഫാദറിന്റെ തുന്നൽ കലയിലെ ആദ്യത്തെ വലിയ നേട്ടം ഗ്വാഡലൂപ്പിലെ മാതാവിന്റെ തിരുനാളിനായി ബിഷപ്പ് മോൺസിഞ്ഞോർ യൂജെനിയോ ലിറയ്ക്ക് വേണ്ടി നിർമ്മിച്ച ‘ചാസബിൾ’ ആയിരുന്നു. രണ്ട് മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഇത് പൂർത്തിയാക്കിയത്. ഈ വർഷത്തെ പെസഹാ തിരുക്കർമ്മങ്ങളിൽ ബിഷപ്പ് ഈ വസ്ത്രവും ഫാ. പിന തന്നെ നിർമ്മിച്ച ‘മിറ്റർ’ എന്ന ശിരോവസ്ത്രവും ധരിച്ചത് വലിയ സന്തോഷം നൽകി.
വിശുദ്ധ കലകളെ പരിപോഷിപ്പിക്കേണ്ടത് സഭയുടെ ആവശ്യമാണെന്ന് ഫാ. പിന വിശ്വസിക്കുന്നു. "സൗന്ദര്യവും ക്രമവും ദൈവത്തിൽ നിന്നാണ് വരുന്നത്. അത് ശരിയായ രീതിയിൽ ചെയ്യുമ്പോൾ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കും," അദേഹം പറയുന്നു. തുന്നൽ പഠിക്കുന്ന വേളയിൽ ഉണ്ടായ തെറ്റുകളെയും പരാജയങ്ങളെയും ജീവിതപാഠങ്ങളായാണ് കാണുന്നത്.
തന്റെ ഈ കഴിവിനെ ഒരു ബിസിനസായല്ല, മറിച്ച് ദൈവത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമർപ്പണമായാണ് ഫാ. പിന കണക്കാക്കുന്നത്. ഭയങ്ങളെ മറികടന്ന് സ്വന്തം കഴിവുകൾ ദൈവകരങ്ങളിൽ ഏൽപ്പിക്കാൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നു. പൗരോഹിത്യത്തിന്റെ കരുണയും സ്നേഹവും ഓരോ തുന്നലിലും ചാലിച്ചേർത്ത് ഫാ. പിന തന്റെ മിഷൻ തുടരുകയാണ്.