അമേരിക്കയിൽ പൊതുസ്ഥലത്ത് വെടിവെപ്പ്; എട്ട് കുട്ടികൾ കൊല്ലപ്പെട്ടു; അക്രമിയായ പിതാവിനെ പൊലിസ് വെടിവെച്ചുകൊന്നു

അമേരിക്കയിൽ പൊതുസ്ഥലത്ത് വെടിവെപ്പ്; എട്ട് കുട്ടികൾ കൊല്ലപ്പെട്ടു; അക്രമിയായ പിതാവിനെ പൊലിസ് വെടിവെച്ചുകൊന്നു

ശ്രീവ്പോർട്ട് (ലുയീസിയാന): അമേരിക്കയിലെ ലുയീസിയാനയിൽ ലോകത്തെ നടുക്കിയ കൂട്ടക്കുരുതി. കുടുംബ തർക്കത്തെ തുടർന്ന് മുൻ സൈനികൻ നടത്തിയ വെടിവെപ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേർ അക്രമിയുടെ സ്വന്തം മക്കളാണ്. അക്രമി ഷമർ എൽക്കിൺസിനെ (31) പൊലീസ് വെടിവെച്ചുകൊന്നു.

ഭാര്യയുമായി ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാരകായുധങ്ങളുമായി ഭാര്യയുടെ വീട്ടിലെത്തിയ ഷമർ ആദ്യം ഭാര്യയെ തലയ്ക്ക് വെടിവെച്ചു വീഴ്ത്തി. ഇവരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവിന്റെ വധഭീഷണി നിലനിന്നിരുന്നതിനാൽ ഭാര്യ തന്റെ ഏഴ് മക്കളെയും സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സംരക്ഷണയിലാണ് ഏൽപ്പിച്ചിരുന്നത്. ഭാര്യയെ ആക്രമിച്ച ശേഷം കുട്ടികളെ തേടിയിറങ്ങിയ ഷമർ അവർ താമസിച്ചിരുന്ന വീട് കണ്ടെത്തി അവിടെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കൊല്ലപ്പെട്ട കുട്ടികൾ ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുള്ളവരാണ്. ആക്രമണം നടന്ന വീട്ടിൽ ഷമറിന്റെ ഏഴ് മക്കളും അവരെ നോക്കാൻ ഏൽപ്പിച്ച സ്ത്രീയുടെ ഒമ്പത് മക്കളുമാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേർ തൽക്ഷണം കൊല്ലപ്പെട്ടു. കുട്ടികളെ നോക്കിയിരുന്ന സ്ത്രീക്കും തലയ്ക്ക് വെടിയേറ്റിട്ടുണ്ട്.

"ഒരു കുട്ടി കെട്ടിടത്തിന്റെ ജനാലയിലൂടെ താഴേക്ക് ചാടിയാണ് ജീവൻ രക്ഷിച്ചത്. വീഴ്ചയിൽ കുട്ടിയുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്." - പൊലീസ് വക്താവ് അറിയിച്ചു.

മുൻ സൈനികനായ ഷമർ എൽക്കിൺസ് മുമ്പും മക്കളെ വധിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരിക്കൽ കുട്ടികളുടെ സ്കൂളിന് സമീപമെത്തി ഇയാൾ വെടിയുതിർത്തിരുന്നു. അന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അന്ന് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന ആരോപണം ഇപ്പോൾ ശക്തമാണ്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അമേരിക്കയിൽ വർധിച്ചു വരുന്ന തോക്ക് സംസ്കാരത്തെക്കുറിച്ചും ഗാർഹിക പീഡന നിയമങ്ങളിലെ പോരായ്മകളെക്കുറിച്ചും വീണ്ടും വലിയ പ്രതിഷേധങ്ങൾക്ക് ഈ സംഭവം കാരണമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.