ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനിലെ തീരപ്രദേശങ്ങളില്‍ സുനാമിയുടെ ആദ്യ തിരകള്‍ കണ്ടതായി ജപ്പാന്‍ മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.
ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനം. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഇതേ തുടര്‍ന്ന് മൂന്ന് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സുനാമിക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപമുള്ള പസഫിക് സമുദ്രത്തില്‍ ഇന്ന് പ്രാദേശിക സമയം വൈകുന്നേരം 4.53 നാണ് ഭൂകമ്പം ഉണ്ടായത്.
പസഫിക് സമുദ്രത്തില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. പ്രഭവ കേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ടോക്യോയിലെ വന്‍കിട കെട്ടിടങ്ങള്‍ പോലും കുലുങ്ങുന്ന തലത്തില്‍ ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഭൂചലനത്തിന് പിന്നാലെ ടോക്കിയോ-അയോമോറി ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനിലെ തീരപ്രദേശങ്ങളില്‍ സുനാമിയുടെ ആദ്യ തിരകള്‍ കണ്ടതായി ജപ്പാന്‍ മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.
സുനാമി തിരമാലകള്‍ ഉടന്‍തന്നെ വടക്കന്‍ തീരത്ത് പതിച്ചേക്കാമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറരുതെന്നും അധികൃതര്‍ അറിയിച്ചു.