ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയില്‍ ഇതുവരെ തീരുമാനമെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രധാനമന്ത്രിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആണ് പരാതി നല്‍കിയത്. ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം നടത്തിയത്, ബില്ല് പരാജയപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയ പ്രസംഗമായിരുന്നു, നാടകീയമായ ഒരു അന്ത്യം പ്രസംഗത്തിന് നല്‍കാനാണ് ശ്രമിച്ചത്, ബംഗാള്‍, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബില്ലും പ്രസംഗവും ഉപയോഗിച്ചത് എന്നിവയാണ് പരാതിയില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങള്‍.
അതേസമയം ഈ വിഷയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ഏപ്രില്‍ 30 ന് വനിതാ ശാക്തീകരണം ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഒരു ദിവസത്തെ സമ്മേളനം വിളിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇതിലൂടെ വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തിനുള്ള പങ്ക് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.