ജെന്‍ സി സര്‍ക്കാരിന്റെ ആദ്യത്തെ പുറത്താകല്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

ജെന്‍ സി സര്‍ക്കാരിന്റെ ആദ്യത്തെ പുറത്താകല്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

കാഠ്മണ്ഡു: അഴിമതി ആരോപണത്തെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവെച്ചു. തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിയെന്നാണ് സുധന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജി അറിയിച്ചത്. മാര്‍ച്ച് 27 നാണ് സുധന്‍ ഗുരുങ് ആഭ്യന്തര മന്ത്രിയായി നിയമിതനായത്.

തന്നെ സംബന്ധിച്ചിടത്തോളം പദവിയേക്കാള്‍ വലുത് ധാര്‍മ്മികതയാണെന്നും പൊതുജന വിശ്വാസത്തേക്കാള്‍ വലിയ മറ്റൊരു ശക്തിയുമില്ലെന്നും അദേഹം പറഞ്ഞു. തന്റെ ഓഹരി പങ്കാളിത്തത്തെയും നിക്ഷേപങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കകള്‍ ഗൗരവമായി കാണുന്നു. 46 സഹോദരങ്ങളുടെ രക്തത്തിനും ത്യാഗത്തിനും മേല്‍ കെട്ടിപ്പടുത്ത ഈ സര്‍ക്കാരിനെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍, അതിനുള്ള മറുപടി ധാര്‍മ്മികതയാണെന്നും സുധന്‍ ഗുരുങ് ഫെയ്സ്ബുക്കിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിവാദ വ്യവസായ പ്രമുഖനുമായുള്ള ബിസിനസ് ബന്ധങ്ങളും ഓഹരി ഇടപാടുകളും സംബന്ധിച്ച വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബാലേന്ദ്ര ഷാ സര്‍ക്കാരിന് ഗുരുങിനെതിരെയുള്ള ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സുധന്‍ ഗുരുങിന്റെ രാജി കത്ത് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സ്വീകരിച്ചു. ഇതോടെ ആഭ്യന്തര വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി നേരിട്ട് ഏറ്റെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.