ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കണ്ടത് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോര്‍ഡ് പോളിങ്. ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 91.58 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍, തമിഴ്നാട്ടില്‍ 84.56 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്.
വോട്ടര്‍മാരുടെ ഈ വലിയ പങ്കാളിത്തത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അഭിനന്ദിച്ചു. ബംഗാളില്‍ പോളിങ് ശതമാനം ഉയര്‍ന്നപ്പോള്‍ തന്നെ പലയിടങ്ങളിലും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എജെയുപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കുമാരഗഞ്ചിലെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു സര്‍ക്കാരിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നു.
വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ബംഗാളിലെ റെക്കോര്‍ഡ് പോളിങ് ഭരണമാറ്റത്തിനുള്ള സൂചനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം തമിഴ്നാട്ടില്‍ ത്രികോണ പോരാട്ടമാണ് നടന്നത്. പോളിങില്‍ മുന്നില്‍ എടപ്പാടിയാണ്. ഡിഎംകെ, എഐഎഡിഎംകെ-ബിജെപി സഖ്യം, വിജയിന്റെ ടിവികെ എന്നിവര്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തമിഴ്നാട് ജനവിധി രേഖപ്പെടുത്തി.
കണക്കുകള്‍ ഇങ്ങനെ:
ചെന്നൈ (83.09 ശതമാനം), കോയമ്പത്തൂര്‍ (84.40ശതമാനം), മധുര (80.15 ശതമാനം).
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മത്സരിക്കുന്ന കൊളത്തൂരില്‍ 85.63 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍, മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മണ്ഡലമായ എടപ്പാടിയില്‍ അത് 91.61 ശതമാനം ആയി ഉയര്‍ന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ കടന്നുവരവ് പോളിങ് ശതമാനം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.