അബുജ: ലോകത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ക്രൂരതയുടെ ഇരയാകേണ്ടി വന്ന നൈജീരിയൻ യുവാവ് ഓവി ഫ്രൈഡേ ഇന്ന് പോരാട്ടത്തിന്റെ പുതിയ പാഠമാവുകയാണ്. രണ്ടാനമ്മ 'അഭിചാരി' എന്ന് മുദ്രകുത്തിയതിനെത്തുടർന്ന് മന്ത്രവാദ കേന്ദ്രത്തിൽ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്ന ഓവി തന്റെ പരിമിതികളെ അതിജീവിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ പാതയിൽ ചുവടുറപ്പിക്കുന്നു.
പതിമൂന്നാം വയസിലാണ് ഓവിയുടെ ജീവിതം തകിടം മറിഞ്ഞത്. സ്നേഹം നൽകേണ്ടവർ തന്നെ അവനെ മന്ത്രവാദ കേന്ദ്രത്തിലേക്ക് വലിച്ചിഴച്ചു. ചുട്ടുപഴുത്ത കരിക്കട്ടകൾക്ക് മുകളിൽ കൈകൾ വെച്ചുകെട്ടിയും മുളകുപൊടി വിതറിയും ദിവസങ്ങളോളം പീഡിപ്പിച്ചു. ഒടുവിൽ അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും ഓവിയുടെ കൈകൾക്ക് ഗുരുതരമായ ആഘാതം സംഭവിച്ചിരുന്നു.
"ബോധം തെളിഞ്ഞപ്പോൾ എന്റെ ഇടതുകൈ മുറിച്ചുമാറ്റപ്പെട്ടിരുന്നു. വലതുകൈയിലെ വിരലുകൾ വിരൂപമായിരുന്നു," ഓവി ആ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുക്കുന്നു.
വർഷങ്ങൾക്കിപ്പുറം നൈജീരിയയിലെ സർവ്വകലാശാലാ പ്രവേശന പരീക്ഷയായ 'ജാംബ്' എഴുതാൻ ശ്രമിച്ചപ്പോൾ ഓവിക്ക് മുന്നിൽ സാങ്കേതികവിദ്യയുടെ തടസങ്ങളെത്തി. പരിക്കേറ്റ വിരലുകൾ കാരണം ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ ഭിന്നശേഷി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് വിരലടയാളത്തിന് പകരം കാൽവിരലടയാളം സ്വീകരിക്കാൻ അധികൃതർ തയ്യാറായതോടെ ഓവിക്ക് പരീക്ഷ എഴുതാൻ സാധിച്ചു.
നിലവിൽ ഇംഗ്ലീഷ് ആന്റ് ലിറ്റററി സ്റ്റഡീസിൽ ബിരുദ പഠനം നടത്തുകയാണ് ഓവി. തന്റെ കുടുംബത്തിൽ നിന്ന് ആദ്യമായി സർവ്വകലാശാലയിൽ എത്തുന്ന വ്യക്തിയാണ് അദേഹം. വൈകല്യങ്ങളെ പഴിച്ച് പകുതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നവർക്ക് വലിയൊരു പ്രചോദനമാണ് ഓവിയുടെ ഈ മുന്നേറ്റം.
ഓവിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നൈജീരിയയിലെ 3.5 കോടിയിലധികം വരുന്ന ഭിന്നശേഷിക്കാർ സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ആധുനിക ഐഡന്റിറ്റി ആപ്പുകൾക്കും സ്കാനറുകൾക്കും ഭിന്നശേഷിക്കാരുടെ പ്രത്യേകതകൾ തിരിച്ചറിയാൻ കഴിയാത്തത് വലിയ സാമൂഹിക നീതിനിഷേധമാണെന്ന് റേഡിയോ അവതാരകയായ സ്കാർലറ്റ് എഡുവോക്കു ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
നിയമങ്ങൾ ഉണ്ടെങ്കിലും മാറ്റങ്ങൾ സാവധാനത്തിലാണ് സംഭവിക്കുന്നത്. സാങ്കേതികവിദ്യകളും സർക്കാർ സംവിധാനങ്ങളും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ മാറേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഓവിയുടെ പോരാട്ടം വിരൽ ചൂണ്ടുന്നത്.