'ഇനി അമേരിക്കയുമായി നേരിട്ട് സംസാരമില്ല; എല്ലാം പാകിസ്ഥാന്‍ വഴി': സമാധാന ചര്‍ച്ചകളില്‍ നിലപാട് മാറ്റി ഇറാന്‍

'ഇനി അമേരിക്കയുമായി നേരിട്ട് സംസാരമില്ല; എല്ലാം പാകിസ്ഥാന്‍ വഴി': സമാധാന ചര്‍ച്ചകളില്‍ നിലപാട് മാറ്റി ഇറാന്‍

ഇസ്ലമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ നിലപാട് മാറ്റവുമായി ഇറാന്‍. ഇനി അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയില്ല. പകരം ഇറാന്റെ നിലപാടുകളും അഭിപ്രായങ്ങളും പാകിസ്ഥാന്‍ അധികൃതര്‍ക്ക് കൈമാറുകയും അവര്‍ അത് അമേരിക്കയെ അറിയിക്കുകയും ചെയ്യും.

സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാനിയന്‍ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കില്ല. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചിട്ടുമുണ്ട്.

ആണവ പദ്ധതികളും എണ്ണക്കടത്തും സംബന്ധിച്ച കടുത്ത നിബന്ധനകള്‍ അമേരിക്ക മുന്നോട്ട് വെക്കുമ്പോഴും ഒരു സമാധാന ഉടമ്പടിക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു.

അമേരിക്കന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മുതിര്‍ന്ന ഉപദേശകനായ ജാരെദ് കുഷ്നറും ഇന്ന് പാകിസ്ഥാനിലെത്തും. ഇത്തവണത്തെ ചര്‍ച്ചകളില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ ചര്‍ച്ചാ സംഘത്തെ നയിച്ചിരുന്ന പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും പങ്കെടുക്കുന്നില്ല.

പാകിസ്ഥാന്‍ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസമില്ലാതെ ഉറപ്പാക്കുക എന്നീ നിബന്ധനകളില്‍ ട്രംപ് ഉറച്ചു നില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഇറാന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.