നോഹയുടെ പെട്ടകം തേടിയുള്ള അന്വേഷണത്തിൽ വഴിത്തിരിവ്; അറാറാത്തിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി

നോഹയുടെ പെട്ടകം തേടിയുള്ള അന്വേഷണത്തിൽ വഴിത്തിരിവ്; അറാറാത്തിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി

ഇസ്താംബുൾ: ബൈബിൾ ചരിത്രത്തിലെ വിസ്മയമായ നോഹയുടെ പെട്ടകം സ്ഥിതിചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ നിർണായക കണ്ടെത്തൽ. കിഴക്കൻ തുർക്കിയിലെ ദുരൂപിനാർ മേഖലയിൽ പെട്ടകത്തിന്റെ ആകൃതിയിലുള്ള ഭൗമഘടനയ്ക്ക് താഴെ വിപുലമായ തുരങ്ക ശൃംഖലകൾ കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു.

അത്യാധുനിക റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശാസ്ത്രലോകത്തെയും വിശ്വാസികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. അമേരിക്കൻ ഗവേഷകർ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (GPR) ഉപയോഗിച്ച് നടത്തിയ മാപ്പിംഗിലാണ് ഭൂമിക്കടിയിലെ ക്രമബന്ധമായ ഘടനകൾ കണ്ടെത്തിയത്.

ഇവ പ്രകൃതിദത്തമായി ഉണ്ടായതല്ലെന്നും മറിച്ച് മനുഷ്യനിർമ്മിതമോ പ്രത്യേക ഉദ്ദേശ്യത്തോടു കൂടി രൂപപ്പെടുത്തിയതോ ആകാം എന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തൽ. പാറക്കെട്ടുകൾക്കിടയിൽ ഇത്ര കൃത്യമായ രൂപഘടന കാണപ്പെടുന്നത് യാദൃച്ഛികമല്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം പ്രദേശത്തുനിന്ന് ശേഖരിച്ച 88 ഓളം മണ്ണ് സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം പുറത്തുവന്നതോടെ നിഗൂഢത വർധിച്ചിരിക്കുകയാണ്. പെട്ടകത്തിന്റെ ആകൃതിയിലുള്ള ഭാഗത്തിനുള്ളിലെ മണ്ണിൽ ഉയർന്ന അളവിൽ പൊട്ടാസ്യം കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്ത് നശിച്ചുപോയ മരത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാകാം ഈ പൊട്ടാസ്യം ഉറവിടമെന്ന് കരുതപ്പെടുന്നു. ഇത് പെട്ടകത്തിന്റെ മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടിന്റെ അവശിഷ്ടമാകാം എന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം ഗവേഷകർ.

നൂറ്റാണ്ടുകളായി വിശ്വാസികൾ നോഹയുടെ പെട്ടകത്തിനായി തിരയുന്ന ഇടമാണ് അറാറാത്ത് പർവ്വതനിരകൾ. പുതിയ കണ്ടെത്തലുകൾ ബൈബിൾ ചരിത്രത്തിന് ശാസ്ത്രീയമായ അടിത്തറ നൽകുന്നുവെന്ന് വിശ്വാസികൾ അവകാശപ്പെടുന്നു. യേശു ക്രിസ്തു സുവിശേഷങ്ങളിൽ പരാമർശിച്ച നോഹയുടെ പെട്ടകത്തിന്റെ അസ്തിത്വം തെളിയിക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഇവർ കരുതുന്നു.

എങ്കിലും, ഇത് നോഹയുടെ പെട്ടകം തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കൂടുതൽ ആഴത്തിലുള്ള ഖനനവും കാർബൺ ഡേറ്റിംഗും ആവശ്യമാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.