ഉക്രെയ്നിൽ റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം: അഞ്ച് മരണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

ഉക്രെയ്നിൽ റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം: അഞ്ച് മരണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

കീവ്: ഉക്രെയ്നിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഉക്രെയ്ൻ പ്രതിരോധ സേന ഭൂരിഭാഗം ആക്രമണങ്ങളെയും പ്രതിരോധിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചത് വലിയ നാശനഷ്ടങ്ങൾക്കിടയാക്കി.

തെക്കു കിഴക്കൻ ഉക്രെയ്നിലെ ഡിനിപ്രോ നഗരത്തെ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ പ്രധാന ആക്രമണങ്ങൾ. ഇവിടെ ഒരു നാലുനില കെട്ടിടത്തിന് മുകളിൽ മിസൈൽ പതിച്ച് വൻ തകർച്ചയുണ്ടായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റതായാണ് വിവരം.

ചെർണിഹീവ് മേഖലയിലെ നിസൈൻ നഗരത്തിലും റഷ്യൻ മിസൈലുകൾ നാശം വിതച്ചു. ഇവിടെ നടന്ന ആക്രമണത്തിൽ 30-ഉം 60-ഉം വയസുള്ള രണ്ട് പുരുഷന്മാർ കൊല്ലപ്പെട്ടു. നഗരത്തിലെ പൊതുഗതാഗത കേന്ദ്രങ്ങൾ തകരുകയും ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.

റഷ്യ വിക്ഷേപിച്ച 619 ഡ്രോണുകളിലും 47 മിസൈലുകളിലും ഭൂരിഭാഗവും വെടിവെച്ചിട്ടതായി ഉക്രെയ്ൻ വ്യോമസേന അറിയിച്ചു. ഏകദേശം 580 ഡ്രോണുകളും 30 മിസൈലുകളും തകർക്കാൻ തങ്ങൾക്കായെന്ന് പ്രതിരോധ സേന വ്യക്തമാക്കി. സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണത്തെ ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി ശക്തമായി അപലപിച്ചു. റഷ്യയുടെ ഭീകരതയ്ക്ക് പരിധിയില്ലെന്ന് അദേഹം പറഞ്ഞു. ആഗോളതലത്തിൽ റഷ്യക്കെതിരെ ശക്തമായ നടപടികൾ സെലെൻസ്‌കി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.