ദൈവം നൽകിയ ജീവൻ എടുത്തുമാറ്റാൻ ആർക്കും അധികാരമില്ല; ബ്രിട്ടനിൽ ദയാവധ ബില്ല് പരാജയപ്പെട്ടു

ദൈവം നൽകിയ ജീവൻ എടുത്തുമാറ്റാൻ ആർക്കും അധികാരമില്ല; ബ്രിട്ടനിൽ ദയാവധ ബില്ല് പരാജയപ്പെട്ടു

ലണ്ടൻ: ലോകമെങ്ങുമുള്ള പ്രോ-ലൈഫ് വിശ്വാസി സമൂഹം ഉറ്റുനോക്കിയ നിർണയക പോരാട്ടത്തിൽ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ‘അസിസ്റ്റഡ് സൂയിസൈഡ്’ (ദയാവധം) നിയമവിധേയമാക്കാനുള്ള നീക്കം പരാജയപ്പെട്ടു. ദൈവത്തിന്റെ ദാനമായ മനുഷ്യജീവനെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ കത്തോലിക്കാ സഭയും ഇതര ക്രൈസ്തവ സഭകളും നടത്തിയ പ്രാർത്ഥനാപൂർവ്വമായ ഇടപെടലുകൾക്കും നിലപാടുകൾക്കും ലഭിച്ച വിജയമായാണ് ഈ തീരുമാനത്തെ വിശ്വാസികൾ കാണുന്നത്.

അധോസഭയിൽ വിജയിച്ചെങ്കിലും, ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിൽ എത്തിയപ്പോൾ ബില്ലിലെ കടുത്ത പിഴവുകൾ ഓരോന്നായി ചർച്ച ചെയ്യപ്പെട്ടു. മാരക രോഗം ബാധിച്ചവർക്ക് മരണമല്ല, മറിച്ച് ക്രിസ്തീയ സ്നേഹത്തോടെയുള്ള പരിചരണമാണ് (പാലിയേറ്റീവ് കെയർ) നൽകേണ്ടതെന്ന ശക്തമായ വാദം ഉയർന്നുവന്നു. മനുഷ്യജീവന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന ബിൽ അനുവദിക്കപ്പെട്ട സമയം അവസാനിച്ചതോടെ അസാധുവാകുകയായിരുന്നു.

കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ നേതൃത്വത്തിൽ കത്തോലിക്ക ബിഷപ്പ്‌സ് കോൺഫറൻസ് ബില്ലിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. ‌'സഭയുടെ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മനുഷ്യ ജീവന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ ഒന്നടങ്കം നിലകൊണ്ടു. ദയാവധം നിയമവിധേയമാക്കുന്നത് സമൂഹത്തിലെ ദുർബലരെയും വയോധികരെയും മരണത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാക്കുമെന്ന സഭയുടെ മുന്നറിയിപ്പ് പാർലമെന്റ് അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി.'- കർദിനാൾ പറഞ്ഞു.

ജീവന്റെ പക്ഷത്ത് ഉറച്ചുനിന്ന പ്രോ-ലൈഫ് സംഘടനകളും വിശ്വാസികളും വൻ ആവേശത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചത്. മരണത്തിന്റെ സംസ്കാരത്തിന് മേൽ ജീവന്റെ സംസ്കാരം നേടിയ വലിയ വിജയമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

"നമ്മുടെ ഓരോ പ്രാർത്ഥനകളും ദൈവം കേട്ടു. രോഗികളെ കൊല്ലുന്നതിലല്ല, അവരെ ശുശ്രൂഷിക്കുന്നതിലാണ് യഥാർത്ഥ മനുഷ്യാവകാശം അടങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ക്രൈസ്തവ മൂല്യങ്ങൾക്ക് കരുത്തുപകരുന്നതാണ്."- പ്രോ-ലൈഫ് പ്രവർത്തകർ പറഞ്ഞു.

ദൈവിക നീതിയുടെയും പ്രാർത്ഥനയുടെയും വിജയമായി ഈ സംഭവത്തെ അടയാളപ്പെടുത്തിക്കൊണ്ട് ലണ്ടനിലെ വിവിധ ദേവാലയങ്ങളിൽ സ്തോത്രബലികൾ അർപ്പിക്കപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.